യുഡിഎഫ് വിടുമെന്ന മുന്നറിയിപ്പുമായി സോണിയയ്ക്ക് ലീഗിന്റെ കത്ത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസിലെ ഭിന്നത തുടരുന്നതിനാല്‍ ഉടന്‍ പരിഹരിക്കണമെന്നുകാട്ടി മുസ്ലീം ലീഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി. ഉടന്‍ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ യുഡിഎഫ് വിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയെടുക്കുമെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കെ.പി.സി.സി അധ്യക്ഷനും പാര്‍ട്ടിയും രണ്ട് ദിശയിലാണെന്ന് ലീഗ് നേതൃത്വം ആരോപിക്കുന്നുന്നു. നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ട്. കോണ്‍ഗ്രസിലെ ഭിന്നത യുഡിഎഫിനെയും ലീഗിനെയും ക്ഷീണിപ്പിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടാനുണ്ടായ സാഹചര്യവും കത്തില്‍ പറയുന്നുണ്ട്.

കോണ്‍ഗ്രസിലെ ഭിന്നതയാണ് കേരള കോണ്‍ഗ്രസിന്റെ കൊഴിഞ്ഞുപോക്കിനിടയാക്കിയതെന്ന് ലീഗ് ആരോപിക്കുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നം മുസ്ലീം ലീഗിനെ കാര്യമായി ബാധിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും ലീഗ് നേതൃത്വം കത്തിലൂടെ മുന്നറിയിപ്പ് നല്‍കി.
കേരള കോണ്‍ഗ്രസ് വിട്ടതിനാല്‍ ഏറെ ക്ഷീണം സംഭവിച്ച യുഡിഎഫ് മുസ്ലീം ലീഗ് കൂടി വിടുകയാണെങ്കിലും മുന്നണി തന്നെ ഇല്ലാതാകും. നേരത്തെ പലവട്ടം ദേശീയ നേതാക്കള്‍ ഇടപെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ പ്രശ്‌നങ്ങല്‍ കീറാമുട്ടിയായി തുടരുകയാണ്. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ഭിന്നതിയിലാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications