'പിഴ ടാര്‍ഗെറ്റ് തികഞ്ഞില്ല, വരുമാനം കുറഞ്ഞു'; വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം : വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ എണ്ണവും ഈടാക്കിയ പിഴയും കുറഞ്ഞതിന്റെ പേരില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 26 ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് .
മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസില്‍ പ്രതിഷേധവുമായി ഉദ്യോഗസ്ഥരും രംഗത്തുണ്ട്. വാഹന പരിശോധനയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെയാണ് കേസും പിഴത്തുകയും കുറയ്ക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥ നിലപാട്. ലക്ഷങ്ങളാണ് പിഴയായി ആര്‍ ടി ഒ സര്‍ക്കാരിലേക്ക് അടയ്ക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസലടിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.

പെട്രോള്‍ പമ്പിലെ കുടിശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്‌ക്വാഡ് വാഹനങ്ങള്‍ കട്ടപ്പുറത്താണ്. പല വാഹനങ്ങളിലെ ബാറ്ററികള്‍ ഉള്‍പ്പടെ തകരാറിലാണ്. ഇതൊന്നും പരിഗണിക്കാതെ ഉദ്യോഗസ്ഥരെ ടാര്‍ഗറ്റില്‍ പിഴിയുന്ന വകുപ്പ് നടപടി പ്രതിഷേധം അര്‍ഹിക്കുന്നതാണെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അറിയിക്കുന്നു . ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നുമുണ്ട്. ഇതിനെതിരെയും പ്രതിഷേധം ശക്തമാക്കുന്നുണ്ട്.
വിവിധ നിയമലംഘനങ്ങള്‍ക്ക് ഓരോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും മാസം ഒരു ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെയാണ് പിഴത്തുകയായി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടത്. മാര്‍ച്ച് മാസത്തില്‍ ചില ഉദ്യോഗസ്ഥര്‍ പിഴത്തുക പകുതിയായി കുറഞ്ഞിരുന്നു. ഈ ഇന്‍സ്‌പെക്ടര്‍മാരോടാണ് ഇപ്പോള്‍ വിശദീകരണം തേടിയിരിക്കുന്നത്. നാല് വാഹനങ്ങളാണ് എറണാകുളം ആര്‍ ടി ഓഫീസില്‍ ഡീസലിന്റെ കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഓടാതെ കിടക്കുന്നത്. കാക്കാനാട്ടെ പെട്രോള്‍ പമ്പ് ഉടമയ്ക്ക് ഒന്നര ലക്ഷത്തോളം രൂപയാണ് നല്‍കേണ്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പമ്പുടമകള്‍ പെട്രോള്‍ കടം നല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. ഇതോടെയാണ് എറണാകുളത്ത് ഔദ്യോഗിക വാഹന പരിശോധന പൂര്‍ണമായും നിലച്ചത്. പല ആര്‍ ടി ഓഫീസുകളിലും സമാനമായ അവസ്ഥയാണ്. ഉദ്യോഗസ്ഥരില്‍ പലരും മടങ്ങും വഴി സ്വന്തം വാഹനത്തിലാണ് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത്. നടപടി ഭയന്നാണിത്. ഇത് ചില യാത്രക്കാര്‍ ചോദ്യം ചെയ്യുന്നത് തര്‍ക്കത്തിന് കാരണമാകുന്നുണ്ട് .












Click it and Unblock the Notifications