പിസി ചാക്കോയ്‌ക്കെതിരെ എന്‍സിപിയില്‍ പടയൊരുക്കം; പവാറിനെ കണ്ട് തോമസ് കെ തോമസ്
ന്യൂഡല്‍ഹി: കേരള എന്‍ സി പിയില്‍ പി സി ചാക്കോയ്‌ക്കെതിരെ പടയൊരുക്കം രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതെ പി സി ചാക്കോ തീരുമാനങ്ങളെടുക്കുന്ന എന്ന ആരോപണവുമായി കുട്ടനാട് എം എല്‍ എ തോമസ് കെ തോമസ് രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി പി സി ചാക്കോ എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ നേരില്‍ കണ്ട് സംസാരിച്ചു. സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ദേശീയ നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി തോമസ് കെ തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് വന്ന ആളുകള്‍ എന്‍ സി പിയെ ഹൈജാക്ക് ചെയ്യുന്നു എന്നാണ് പ്രധാന ആരോപണം. പി സി ചാക്കോയുടെ നേതൃത്വത്തില്‍ വലിയൊരു സംഘം ഇതിനായി പ്രവര്‍ത്തിക്കുന്നുവെന്നാണ് തോമസ് കെ തോമസിന്റെ ആരോപണം. കോണ്‍ഗ്രസില്‍ നിന്ന് വന്ന ആളുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നു എന്നാണ് തോമസ് കെ തോമസ് പറയുന്നത്. മണ്ഡലം കമ്മിറ്റികളില്‍ പോലും കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി വന്നവരെ അമിതമായി പരിഗണിക്കുന്നു എന്നാണ് ആരോപണം.

എല്‍ ഡി എഫ് തുടര്‍ ഭരണം നേടിയതോടെ ബോര്‍ഡ് - കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് കാലാകാലങ്ങളായി എന്‍ സി പിയില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കുന്നില്ല എന്ന് തോമസ് കെ തോമസ് എം എല്‍ എ ഉന്നയിക്കുന്നു. എന്ത് തീരുമാനമാണെങ്കിലും പി സി ചാക്കോയും അദ്ദേഹത്തിന്റെ അടുത്ത ആളുകളും മാത്രമാണ് എടുക്കുന്നത് എന്നാണ് ആരോപണം. ഇക്കാര്യങ്ങളെല്ലാം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തുവെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്നും തോമസ് കെ തോമസ് പറഞ്ഞു.

തോമസ് ചാണ്ടിയുടെ കൂടെനിന്ന് കഴിഞ്ഞ 15 വര്‍ഷമായി എന്‍ സി പിക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് കുട്ടനാട് സീറ്റ് തിരിച്ചു പിടിച്ചത്. അത് ആരും വില കുറച്ചു കാണരുതെന്നും പുതിയ ആളുകളുടെ ചില ധാരണകള്‍ തെറ്റാണെന്നും തോമസ് കെ തോമസ് പറഞ്ഞു. നേതൃത്വത്തിലുള്ള പലരുടേയും ധാരണകള്‍ മാറണമെന്നും പാര്‍ട്ടിയില്‍ മാനസികമായി ബുദ്ധിമുട്ട് നേരിട്ട സന്ദര്‍ഭങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ എല്ലാം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തു. മാണി സി കാപ്പന്‍ എന്‍ സി പിയിലേക്ക് തിരിച്ച് വരുന്നത് സംബന്ധിച്ച വാര്‍ത്തകളിലും അദ്ദേഹം പ്രതികരിച്ചു. അങ്ങനെ ആര്‍ക്കും വന്ന് പോകാവുന്ന പാര്‍ട്ടിയല്ല എന്‍ സി പി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി ജെ പിയില്‍ പോയാലും എന്‍ സി പിയിലേക്ക് ഇല്ല എന്നാണ് മാണി സി കാപ്പന്‍ തന്നോട് പറഞ്ഞത് എന്നും പിന്നെ എങ്ങനെയാണ് മാണി കാപ്പന്‍ തിരിച്ചു വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെയും പി സി ചാക്കോയ്‌ക്കെതിരെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് പി സി ചാക്കോ പണം വാങ്ങി നിയമനം നടത്തുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഉന്നതാധികാര സമിതിയായ കോര്‍ കമ്മിറ്റിയില്‍ നിന്ന് മൂന്ന് മുതിര്‍ന്ന നേതാക്കളെ പി സി ചാക്കോ ഒഴിവാക്കിയതും വിവാദമായിരുന്നു. എന്‍ എ മുഹമ്മദ് കുട്ടി, ജോസ് മോന്‍, വര്‍ക്കല രവികുമാര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. അടുത്തിടെ മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്ന വി ആര്‍ രമ്യയെ പി എസ് എസി അംഗമാക്കിയതും പാര്‍ക്കുള്ളില്‍ വലിയ തര്‍ക്കത്തിന് വഴി വെച്ചിരുന്നു.












Click it and Unblock the Notifications