ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി; പൊലീസിലെ സൗമ്യമുഖം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഡി ജി പിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിലെ ഡി ജി പി അനില്‍കാന്ത് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡി ജി പിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ തിരഞ്ഞെടുത്തത്.
വിവാദങ്ങളില്‍ മാറി നടന്ന ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൊലീസിനെ സൗമ്യമുഖങ്ങളിലൊന്നാണ്. 1990 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്. നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയാണ് അദ്ദേഹം. നെടുമങ്ങാട് എ എസ് പിയായാണ് തുടക്കം. ആന്ധ്രാപ്രദേശ് സ്വദേശിയാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്. വയനാട്, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ എസ് പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിജിലന്‍സില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയിരുന്ന ഷെയ്ഖ് ദര്‍വേഷ് സാഹിബ് അഞ്ച് വര്‍ഷം നാഷണല്‍ പൊലീസ് ട്രെയിനിംഗ് കോളേജില്‍ ഡെപ്യൂട്ടേഷനിലായിരുന്നു. എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാന്‍ഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സംഘടനയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്.
എസ് പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, എസ്ബിസിഐഡി, പൊലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ ജി എന്നീ നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അഡീഷണല്‍ എക്‌സൈസ് കമ്മിഷണറായും കേരള പൊലീസ് അക്കാദമി ഡയറക്ടറായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയ ഷെയ്ഖ് ദര്‍വേഷ് സാഹിബ് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കൃഷി ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഇതോടൊപ്പം അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. വിശിഷ്ടസേവനത്തിന് 2016ല്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടി. സ്തുത്യര്‍ഹ സേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പൊലീസ് മെഡലും കരസ്ഥമാക്കി. അതി ഉത്കൃഷ്ടസേവാ പഥക് ജേതാവും യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ ജേതാവുമാണ്. ഭാര്യ. ഷെയ്ഖ് ഫരീദാ ഫാത്തിമ. മക്കള്‍: ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ്. മരുമകന്‍ മുഹമ്മദ് ഇഫ്‌ത്തേക്കര്‍.












Click it and Unblock the Notifications