അപകടമരണം തുടര്‍ക്കഥ, കൊച്ചിയിലും കൊല്ലത്തുമായി പൊലിഞ്ഞത് നാലു ജീവന്‍
ഓച്ചിറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു.സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി നടന്ന അപകടത്തില്‍ നാല് പേരാണ് മരണപ്പെട്ടത്.
കൊച്ചി/കൊല്ലം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന അപകടത്തില്‍ നാല് പേര്‍ മരിച്ചു. കൊല്ലം ഓച്ചിറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു. ഇടപ്പള്ളി വൈറ്റില ദേശീയ പാതയില്‍ ടിപ്പര്‍ ലോറി മീഡിയനിലേക്ക് ഇടിച്ചു കയറിയത് റോഡു മുറിച്ചു കടക്കുകയായിരുന്ന രണ്ട് യാത്രക്കാരുടെ നേരെയാണ്.
വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തിലാണ് കൊല്ലം മേമന ഈരിയ്ക്കല്‍ സ്വദേശികളായ സത്താര്‍, മകന്‍ ആദില്‍ എന്നിവര്‍ മരിച്ചത്. മകനൊപ്പം ബൈക്കില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടച്ചത്. കൊല്ലത്തു നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

ഇടപ്പള്ളി വൈറ്റില ദേശീയ പാതയില്‍ റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുകയായിരുന്ന യാത്രക്കാര്‍ക്ക് നേരെയാണ് ലോറി ഇടിച്ചു കയറിയത്. അരൂര്‍ മാപ്ലാപ്പറമ്പില്‍ ശ്രുതി സുഗുണന്‍, ഏഴുപുന്ന കോടന്തുരുത്ത് കുരീത്തറ അച്ചു നിവാസില്‍ അനീഷ് ശശിധരന്‍ എന്നിവരാണ് മരിച്ചത്.
പാലാരി വട്ടത്തു നിന്നും വൈറ്റിലയ്ക്ക് പോവുകയായിരുന്ന ടിപ്പര്‍ ബസ് സ്റ്റോപ്പില്‍ നിന്നും ഇറങ്ങിയ ആളെ ഇടിക്കാതിരിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് റോഡു മുറിച്ചു കടക്കാന്‍ നിന്നവര്‍ക്ക് നേരെ ഇടിച്ചു കയറിയത്.
സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയാണ് ശ്രുതി. ഓഫീസിലേക്ക് പോകുന്നതിനായി ബസ് സ്‌റ്റോപ്പില്‍ ഇറങ്ങി റോഡ് മുറിച്ചു കടക്കാന്‍ നിക്കവെയാണ് ടിപ്പര്‍ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ടൈല്‍സ് ജോലിക്കാരനായ അനീഷ് ചക്കരപ്പറമ്പിലെ ജോലി സ്ഥലത്തു നിന്നും ചായ കുടിക്കാന്‍ പോകവെയാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications