കുഴല്‍നാടന്‍ എന്തും വിളിച്ച് പറയുന്നയാളെന്ന് പിണറായി: ചോദ്യം ചെയ്ത് സതീശന്‍; ലഹരിക്കേസില്‍ തർക്കം
സിപിഎം ഇടപെട്ട് കേസ് അട്ടിമറിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം

തിരുവനന്തപുരം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ-ഭരണപക്ഷ വാക് പോര്. സി പി എം നേതാക്കള്‍ക്കെതിരെ ഉള്‍പ്പടെ ആരോപണം ഉയർന്ന കേസില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് ആരോപിച്ച യു ഡി എഫ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്നായിരുന്നു മാത്യൂകുഴല്‍നാടന്‍ എം എല്‍ എ നല്‍കിയ അടിയന്തര പ്രമേയത്തിലെ ആരോപണം.
ആലപ്പുഴ സി പി എമ്മിലെ വിഭാഗീയതയാണ് മയക്കുമരുന്ന് കേസിലെ സി പി എം നേതാവിന്റെ പങ്ക് പുറത്ത് വരാൻ പോലും കാരണം. അതുണ്ടായിരുന്നില്ലെങ്കില്‍ ഇക്കാര്യം പുറത്ത് വരില്ലായിരുന്നുവെന്നും യു ഡി എഫ് ആരോപിച്ചു. എന്നാല്‍ വാഹനം വാടകയ്ക്ക് നല്‍കയ സി പി എം കൌണ്‍സിലർ ഷാനവാസിനെ പ്രതിയാക്കാൻ തെളിവ് കിട്ടിയില്ലെന്നാണ് മന്ത്രി രാജേഷ് മറുപടി നല്‍കിയത്.

ലഹരിമരുന്ന് കേസില്‍ പ്രതിപക്ഷം നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വലിയ രീതിയില്‍ ലഹരിവിരുദ്ധ പ്രചരണം നടത്തുന്ന സർക്കാരാണിത്. ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയം നോക്കുന്നതല്ല എൽ ഡി എഫ് സർക്കാരിന്റെ രീതി. രാഷ്ട്രീയം എതെന്ന് നോക്കി പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തുകയോ ഉള്‍പ്പെടുത്താതിരിക്കുകയോ ചെയ്യില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കി.
ലോറി ഉടമയ്ക്കെതിരെ തെളിവ് കിട്ടിയാല്‍ അദ്ദേഹത്തേയും കേസില്‍ പ്രതിയാക്കും. ലോറി ഉടമ ആയ നഗര സഭ അംഗത്തെ സി പി എം സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. പ്രതിപക്ഷമോ പ്രതിപക്ഷത്തിന് വേണ്ടി ആർത്ത് വിളിക്കുന്ന മാധ്യമങ്ങളോ പറയുന്നത് കണ്ട് മാത്രം ഒരാളെ പ്രതിചേർക്കാന്‍ സാധിക്കില്ല. അതിന് കൃത്യമായ തളിവുകള്‍ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തർക്കം രൂക്ഷമായപ്പോള്‍ എന്തിനും അതിര് വേണമെന്നും അത് ലംഘിച്ച് പോകരുതെന്നും മുഖ്യമന്ത്രി മാത്യു കുഴൽനാടനോട് പറഞ്ഞു. എന്തും വിളിച്ച് പറയുന്ന ഒരാളെ അടിയന്തര പ്രമേയം അവതരിപ്പിക്കാനായി പ്രതിപക്ഷം ഏല്‍പ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കൃത്യമായ തെളിവുകളോടെയാണ് മാത്യു കുഴൽ നാടൻ സഭയിൽ പ്രസംഗിച്ചതെന്നും എന്തും വിളിച്ച് പറയുന്ന ഒരാളെ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഏൽപ്പിച്ചെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു.
ലഹരി മാഫിയയുമായി സി.പി.എം നേതാക്കൾക്കുള്ള പങ്ക് നേരത്തെ പ്രതിപക്ഷം പറഞ്ഞതാണ് . ആലപ്പുഴയിൽ സമീപ കാലത്തുണ്ടായ സംഭവങ്ങൾ പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. സി പി എമ്മിലെ ഉൾപാർട്ടി പ്രശ്നങ്ങൾ പ്രതിപക്ഷത്തിന്റെ വിഷയമല്ല. പക്ഷേ സി.പി എം വിഭാഗീയത സാമൂഹ്യ വിരുദ്ധർക്ക് വളമാകുന്നത് സംസ്ഥാനത്തിന് അപകടമാണ്. അത് പ്രതിപക്ഷം നോക്കി നിൽക്കില്ല. നിയമസഭയിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications