തുടർച്ചയായ 22-ാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; കാരണമിതാണ്...
തുടർച്ചയായ 22-ാം ദിവസമാണ് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നത്
ന്യൂഡൽഹി: രാജ്യത്ത് മുൻപൊരിക്കലും ഇല്ലാത്ത തരത്തിലാണ് കഴിഞ്ഞ മാസം വരെയും ഇന്ധനവില കുതിച്ചുയർന്നത്. റെക്കോർഡ് വിലയിലെത്തിയ പെട്രോൾ, ഡീസൽ വിലയിൽ എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറ്റമില്ല. തുടർച്ചയായ 22-ാം ദിവസമാണ് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നത്. തുടർച്ചയായ വർധനവിൽ പുതിയ റെക്കോർഡുകൾ പിന്നിട്ട് പെട്രോൾ രാജ്യത്ത് ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഡിസൽ വിലയും പിന്നാലെ തന്നെയുണ്ട്. ചിലയിടങ്ങളിൽ ഡീസലിനും 100 രൂപയ്ക്ക് മുകളിലാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം പെട്രോൾ, ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ ഇടിവാണ് നിലവിൽ ഇന്ധനവില രാജ്യത്ത് കൂടാതെ ഇരിക്കാനുള്ള കാരണം. ആഗോള ക്രൂഡ് വില ജൂലൈയിൽ ബാരലിന് 70 ഡോളർ മുതൽ ബാരലിന് 77 ഡോളർ വരെ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് വീണ്ടും 70ന് താഴേക്ക് പതിച്ചു. ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ചിലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഒക്ടോബർ കരാർ ബാരലിന് 70.70 ഡോളറാണ്.
വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ആഗോളതലത്തിൽ വ്യാവസായിക വീണ്ടെടുക്കൽ മന്ദഗതിയിലാക്കിയതും യുഎസ് എണ്ണ ശേഖരം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആഗോള വിപണിയിൽ ഇന്ധനവില ഇടിയാൻ കാരണമായത്. അതേസമയം ആഗോള വിപണിയിലെ ഇടിവ് പ്രാദേശിക തലത്തിൽ പ്രതിഫലിക്കുന്നില. നിലവിലുള്ള വില തുടരുകയാണ് എണ്ണ കമ്പനികൾ ചെയ്യുന്നത്.
ജൂലൈ 17ന് ആണ് രാജ്യത്ത് അവസാനമായി പെട്രോൾ വർധിപ്പിച്ചത്. 30 പൈസയായിരുന്നു അന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയിൽ 102.06 രൂപയും കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ജൂലൈ 15നാണ് ഡീസൽ വില അവസാനമായി വർധിപ്പിച്ചത്. തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയിൽ 94.82 രൂപയുമാണ് ഒരു ലിറ്റർ ഡീസലിന്റെ ഇന്നത്തെ വില. കോഴിക്കോട് ഡീസലിന് 95.10 രൂപയുമാണ്.
ഈ വർഷം ജനുവരി മുതൽ തുടർച്ചയായ ദിവസങ്ങളിൽ വില വർധിച്ച് സർവ്വകാല റെക്കോർഡുകൾ തിരുത്തിക്കൊണ്ടിരുന്നു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഇടക്കാലത്ത് വർധനവ് നിലച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് വില മാറ്റമില്ലാതെ ഇത്രയും ദിവസം തുടരുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതുമാണ് തൽക്കാലികമായി വില വർധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ നിരക്ക് ഇങ്ങനെ,
മുംബൈ:
പെട്രോൾ- 107.83 രൂപ
ഡീസൽ - 97.43 രൂപ
ഡൽഹി:
പെട്രോൾ- 101.84 രൂപ
ഡീസൽ - 89.87 രൂപ
ചെന്നൈ:
പെട്രോൾ- 102.49 രൂപ
ഡീസൽ - 94.39 രൂപ
കൊൽക്കത്ത:
പെട്രോൾ- 102.08 രൂപ
ഡീസൽ - 93.02 രൂപ
ബെംഗളൂരു:
പെട്രോൾ- 105.25 രൂപ
ഡീസൽ - 95.26 രൂപ












Click it and Unblock the Notifications