കേരം തിങ്ങും കേരളനാടിന് ഇന്ന് പിറന്നാള്‍; ഐക്യകേരളത്തിന് 67 വയസ്
തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായിട്ട് ഇന്ന് 67 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1956 നവംബര്‍-1 നാണ് ദക്ഷിണേന്ത്യയിലെ മലയാളം സംസാരിക്കുന്ന നാടുകളെയെല്ലാം ഒരുമിപ്പിച്ച് ഐക്യകേരളം രൂപീകൃതമായത്.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളായും ബ്രിട്ടീഷ് മലബാര്‍, തെക്കന്‍ കനറ ജില്ലയിലെ കാസര്‍കോട് താലൂക്ക് എന്നിങ്ങനേയും നാല് ഭാഗങ്ങളായാണ് കേരളം വിഭജിക്കപ്പെട്ടിരുന്നത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട ഐക്യകേരളപ്രസ്ഥാനത്തിന്റെ ശ്രമഫലങ്ങളുടെ ഭാഗമായാണ് കേരളം രൂപീകൃതമാകുന്നത്. ഭാഷ, ചരിത്രം, ഐതിഹ്യം എന്നിവ പൊതുവായുള്ള മലയാളികളെ ഒരുമിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

രാജ്യം സ്വാതന്ത്ര്യമായി ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഐക്യകേരളം രൂപീകരിക്കപ്പെടുന്നത്. ഇന്നത്തെ നിലയിലേക്ക് കേരളത്തെ രൂപപ്പെടുത്തുന്നതിന് പിന്നേയും വര്‍ഷങ്ങളെടുത്തു. എന്നാല്‍ സാമൂഹ്യപരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകരും ഉഴുതുമറിച്ച കേരള മണ്ണ് അതിവേഗം പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. സംസ്ഥാനം രൂപീകരിച്ച് പിറ്റേ വര്‍ഷം ജനാധിപത്യ രീതിയിലൂടെ സര്‍ക്കാര്‍ അധികാരത്തിലേറി.
ഒന്നാം സര്‍ക്കാര്‍ മുതലിങ്ങോട്ട് വിവിധ സര്‍ക്കാരുകള്‍ മലയാളികളുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അനാചാരങ്ങള്‍ക്കെതിരെ പോരാടിയും എല്ലാവര്‍ക്കും സമത്വ സുന്ദര ജീവിതം വാഗ്ദാനം ചെയ്തും കേരളം രാജ്യത്തിന് പലകുറി മാതൃകയാകുന്നതാണ് പിന്നീട് കണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, ആയുര്‍ദൈര്‍ഘ്യം, സമത്വം, കുറഞ്ഞ ശിശുമരണനിരക്ക് തുടങ്ങിയവയില്‍ ലോകത്തിന് തന്നെ മാതൃകയാകാന്‍ കേരളത്തിനായി.
മതേതരത്വവും ജനാധിപത്യബോധവും കാത്ത് സൂക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളെ പോലും അസൂയപ്പെടുത്തും വിധത്തിലായിരുന്നു കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഐക്യകേരളം നിലകൊണ്ടത്. 67 വര്‍ഷം കൊണ്ട് സമ്പൂര്‍ണ സാക്ഷരതയുടെയും സാമൂഹ്യസുരക്ഷയുടെയും മതേതരമൂല്യങ്ങളുടെയും പച്ചത്തുരുത്തായി ദൈവത്തിന്റെ സ്വന്തം നാട് മാറി. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും എല്ലാം ഈ നാട് മറ്റുള്ളവരെ വിസ്മയിപ്പിച്ചു.
ദുരന്തമുഖത്തെ മലയാളികള്‍ എന്താണെന്ന് ലോകത്തിന് കാണിച്ച് കൊടുക്കാന്‍ മഹാപ്രളയങ്ങളും കൊവിഡ് മഹാമാരികളും കൊണ്ട് സാധിച്ചു. കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനും ഇറങ്ങുന്ന മലയാള പെരുമ കടല്‍ കടന്നും പ്രസിദ്ധിയാര്‍ജ്ജിച്ചു. മതവിദ്വേഷവും വെറുപ്പും വെല്ലുവിളി ഉയര്‍ത്തുന്ന കാലത്തും കേരളം രാജ്യത്തിന് മുന്നില്‍ മാതൃകയാകുകയാണ്.
അതേസമയം കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കേരളീയം എന്ന പേരില്‍സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ-സാംസ്‌കാരിക-വ്യാവസായിക രംഗത്തെ പ്രമുഖര്‍ കേരളീയം പരിപാടിയില്‍ ഭാഗമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം എ യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള, സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ എന്നിവരുള്‍പ്പെടെ വലിയൊരു നിര പരിപാടിയില്‍ ഭാഗമാകും.












Click it and Unblock the Notifications