കേരളം ലോകത്തിന് മാതൃകയാകുന്നത് ഇങ്ങനെയാണ്...; അറിയാം കേരളത്തിന്റെ വിശേഷങ്ങള്‍
തിരുവനന്തപുരം: കേരളം ഇന്ന് 66-ാം പിറന്നാള്‍ കൊണ്ടാടുകയാണ്. 1956 ലാണ് കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപകരിക്കപ്പെട്ടത്. നവംബര്‍ ഒന്നിന് കേരളപ്പിറവി കൊണ്ടാടുമ്പോള്‍ നമ്മള്‍ ഓരോ മലയാളികളും അറിഞ്ഞിരിക്കേണ്ടതും ഓര്‍ത്തിരിക്കേണ്ടതുമായ നിരവധിയായ കാര്യങ്ങളുണ്ട്. അവയില്‍ ചിലത് എമന്തെല്ലാമാണ് എന്ന് നോക്കാം.
കേരളം പലപ്പോഴും ലോകത്തിന് മുന്നില്‍ മാതൃകയാവുകയും ഒന്നാമതാവുകയും ചെയ്തിട്ടുണ്ട്. സാക്ഷരത തന്നെയാണ് കേരളത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അനാചാരങ്ങള്‍ നിറഞ്ഞിരുന്ന നാട്ടില്‍ നവോത്ഥാനത്തിന്റെ വിത്ത് വിതച്ച് സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ കേരളം ഉഴുതു മറിച്ചു. അതില്‍ നിന്ന് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നേതാക്കള്‍ ഇന്ന് കാണുന്ന കേരളത്തെ രൂപപ്പെടുത്തുകയായിരുന്നു.

രാജ്യത്ത് ഏറ്റവും സാക്ഷരതാ നിരക്ക് കൂടിയ സംസ്ഥാനം കേരളമാണ്. 2011 -ലെ സെന്‍സസ് പ്രകാരം 93. 91% -മാണ് കേരളത്തിലെ സാക്ഷരതാ നിരക്ക്. ഗ്രാമ പ്രദേശങ്ങളില്‍ ഏറ്റവും സാക്ഷരതയുള്ളത് കോട്ടയം ജില്ലയിലാണ്. 97.17 ശതമാനമാണ് ഇവിടത്തെ സാക്ഷരത. നഗരപ്രദേശങ്ങളില്‍ പത്തനംതിട്ട ജില്ലയാണ് മുന്‍പില്‍. 97.42 ശതമാനമാണ് ഇവിടത്തെ സാക്ഷരത.

ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കി ഭൂമിയുടെ അവകാശം ജനങ്ങള്‍ക്ക് നല്‍കിയ സംസ്ഥാനം കൂടിയാണ് കേരളം. സ്വാതന്ത്ര്യസമര ചരിത്രത്തിലും ഒഴിവാക്കാനാകാത്ത നിരവധി ഏടുകള്‍ കേരളത്തിന്റേതായിട്ടുണ്ട്. പുന്നപ്ര വയലാര്‍ സമരം, മലബാര്‍ സമരം തുടങ്ങി അയിത്തവും അനാചാരവും ഒഴിവാക്കാനുള്ള മിശ്രഭോജനം വരെ കേരളത്തിന്റെ ഐതിഹാസിക സമരങ്ങളാണ്.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം എന്ന ഖ്യാതിയും കേരളത്തിനാണ്. സിക്കിമാണ് കേരളത്തിനൊപ്പം ഈ നേട്ടം പങ്കിടുന്ന മറ്റൊരു സംസ്ഥാനം. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളിലും കേരളം ഏറെ മുന്നിലാണ്. എല്ലാ ഗ്രാമങ്ങളിലും ബാങ്കുകളും ആശുപത്രികളും കേരളത്തില്‍ ഉണ്ട്.

ഈ നേട്ടം അവകാശപ്പെടാവുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. അതോടൊപ്പം സമൃദ്ധമായി മഴ ലഭിക്കുന്ന സംസ്ഥാനവും കേരളമാണ്. ആവശ്യത്തിന് മഴയും വെയിലും ലഭിക്കുന്നതിനാലാണ് കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരും ലഭിച്ചത്. ഇന്ത്യയില്‍ ആദ്യം മഴ ലഭിക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മഴ ലഭിക്കുന്നത് ജൂലൈയിലാണ്. എന്നാല്‍ കേരളത്തില്‍ ജൂണില്‍ തന്നെ മഴയെത്തും.

കേരളത്തിന്റെ മതേതരത്വം ലോകപ്രസിദ്ധമാണ്. ക്ഷേത്രങ്ങളിലേയും മസ്ജിദിലേയും പള്ളികളിലേയും ആഘോഷങ്ങളില്‍ ഇതരമതസ്ഥര്‍ ഭാഗമാകാറുണ്ട്. കേരളം വിറങ്ങലിച്ച് നിന്ന പ്രളയത്തിലും കൊവിഡിലും സംസ്ഥാനത്തെ കരകയറ്റിയത് ഇതേ മതേതര മനസ് തന്നെയാണ്. രാജ്യത്തിന് തന്നെ മാതൃകയായി പലപ്പോഴും കേരളത്തെ ഉദാഹരിക്കുന്നത് ഈ ഗുണം മുന്‍നിര്‍ത്തിയാണ്.

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും കേരളത്തിലാണ്. തലസ്ഥാനത്തെ പത്മനാഭസ്വാമി ക്ഷേത്രമാണ് ഈ നേട്ടം കൈയാളുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് എത്രയാണ് എന്ന് ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. ദിവസേന പതിനായിരക്കണക്കിന് പേരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.

മീഡിയ എക്‌സ്‌പോഷറില്‍ കേരളം വളരെ മുന്നിലാണ് എന്ന് എന്‍ എഫ് എച്ച് എസ് 3 റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ 99 ശതമാനം പുരുഷന്മാര്‍ക്കും 94 ശതമാനം സ്ത്രീകള്‍ക്കും മാധ്യമങ്ങള്‍ ലഭ്യമാണ് എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications