പോലീസ് ക്രൂരത; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ചെവിക്കല്ല് അടിച്ചുപൊട്ടിച്ചു, ചവിട്ടിക്കൂട്ടി, ദൃശ്യം പുറത്ത്
തൃശൂര്‍: നിസാര കാര്യത്തിന് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രിലില്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷമാണ് സിസിടിവി ദൃശ്യം പരസ്യമാക്കേണ്ടി വന്നത്.
ചൊവ്വന്നൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ട് വിഷയത്തില്‍ ഇടപെട്ടതായിരുന്നുവത്രെ സുജിത്ത്. തുടര്‍ന്ന് പോലീസ് സുജിത്തിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ജീപ്പില്‍ നിന്ന് ഇറക്കുന്നത് മുതലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഷര്‍ട്ടില്ലാത്ത അവസ്ഥയിലാണ് ജീപ്പില്‍ നിന്നിറക്കുന്നത്. മുണ്ട് അഴിഞ്ഞുവീണിരുന്നു.

ജീപ്പില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ മുണ്ട് ഉടുക്കാന്‍ ശ്രമിക്കുന്നുണ്ട് സുജിത്ത്. ശേഷം ഇയാളെ സ്റ്റേഷന് അകത്തുകൊണ്ടുവന്ന് ചെവിക്കും മുഖത്തും അടിക്കുന്നത് വീഡിയോയില്‍ കാണാം. കൂടാതെ മറ്റൊരു മുറിയില്‍ കൊണ്ടുപോയി പോലീസുകാര്‍ കൂട്ടത്തോടെ കുനിച്ചുനിര്‍ത്തി മുതുകിന് ഇടിക്കുകയും ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍. അഞ്ച് പോലീസുകാരെ വീഡിയോയില്‍ കാണുന്നുണ്ട്.
എസ്‌ഐ നുഹ്മാന്റെ നേതൃത്വത്തിലുള്ള പോലീസുകാരാണ് തന്നെ മര്‍ദ്ദിച്ചത് എന്ന് സുജിത്ത് അന്നുതന്നെ പറഞ്ഞിരുന്നു. മദ്യപിച്ച് പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കേസും സുജിത്തിനെതിരെ എടുത്തു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വേളയിലാണ് പോലീസിന്റെ നീക്കം പൊളിയുന്നത്. സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു.
ഇതോടെ കോടതി സുജിത്തിന് ജാമ്യം നല്‍കി. പിന്നീട് നടത്തിയ വിശദമായ വൈദ്യപരിശോധനയില്‍ സുജിതിന്റെ ചെവിക്ക് പരിക്കേറ്റതായി കണ്ടെത്തി. പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ വിചാരണ നടക്കുകയാണ്. രണ്ട് വര്‍ഷത്തില്‍ അധികമായി സിസിടിവി ദൃശ്യം ലഭിക്കാന്‍ നിയമ പോരാട്ടത്തിലായിരുന്നു സുജിത്ത്.
കേസില്‍ നിര്‍ണായകമാണ് സിസിടിവി ദൃശ്യങ്ങള്‍. വിവരാവകാശ നിയമ പ്രകാരമാണ് ഇത് ലഭിച്ചത്. നിരവധി കോടതികള്‍ ഇതിനകം സുജിത്ത് കയറിയിറങ്ങി. പോലീസ് ജീപ്പില്‍ വച്ചും ക്രൂരമായി മര്‍ദ്ദനമേറ്റു എന്ന് സുജിത്ത് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് മര്‍ദ്ദനത്തിന്റെ ക്രൂരത വെളിപ്പെടുന്നത്.
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുന്‍ എംഎല്‍എ അനില്‍ അക്കരയും തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റും പ്രതികരിച്ചു. പ്രതികളായ പോലീസുകാര്‍ ഇപ്പോഴും ക്രമസമാധാന ചുമതലയിലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ദൃശ്യം പുറത്തുവന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടി എടുക്കുമോ എന്നും ഡിസിസി അധ്യക്ഷന്‍ ചോദിച്ചു.












Click it and Unblock the Notifications