തമിഴ്നാടിനേയും കേരളത്തെയും ഭിന്നിപ്പിക്കാനുള്ള ശ്രമം.. മുന്നറിയിപ്പ് നൽകി കേരള പോലീസ്
തിരുവനന്തപുരം: കേരളം പ്രളയത്തിലായപ്പോള്‍ ഏറ്റവും ആദ്യം സഹായവുമായി എത്തിയത് തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടാണ്. ചെന്നൈ വെള്ളപ്പൊക്കത്തില്‍ കേരളം നല്‍കിയ സഹായത്തിന് പ്രത്യുപകാരമെന്നോണം സംസ്ഥാനത്തേക്ക് സഹായമെത്തി. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് മലയാളികളില്‍ ഒരു കൂട്ടം മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയുടെ ഫേസ്ബുക്ക് പേജില്‍ പോയി പൊങ്കാല ഇടുകയുണ്ടായി.
ദുരന്തമുഖത്ത് സഹായമെത്തിക്കുന്നവരോട് പ്രാഥമികമായി കാണിക്കേണ്ട നന്ദിയെങ്കിലും കാട്ടണമെന്ന് പൊങ്കാലക്കാര്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ നിന്നും ഇപ്പോഴും കേരളത്തിന് സഹായമെത്തുന്നുണ്ട്. അതിനിടെ മലയാളികളെ തെറിവിളിക്കുന്ന തമിഴന്‍ എന്ന പേരില്‍ ഒരു വീഡിയോയും അതിന് മലയാളിയായ യുവതി നല്‍കുന്ന മറുപടി വീഡിയോയും ഫേസ്ബുക്കില്‍ വൈറലാകുന്നുണ്ട്.

കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മറ്റ് സംസ്ഥാനങ്ങളുമായി ശത്രുതയുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്നും മലയാളികള്‍ വിട്ട് നില്‍ക്കണമെന്നാണ് സോഷ്യല്‍ മീഡിയ പൊതുവില്‍ അഭിപ്രായപ്പെടുന്നത്. ഭിന്നിപ്പിക്കാനുളള ചിലരുടെ തന്ത്രമാണിതെന്നും വിലയിരുത്തപ്പെടുന്നു. കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിൻ്റെയും തമിഴ് നാടിൻ്റെയും പ്രശ്നമായി ചിത്രീകരിക്കുകയും പരസ്പരം അധിക്ഷേപിച്ചും വെല്ലുവിളിച്ചും കൊണ്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഇത്തരം പ്രവണതകൾ അപരിഷ്കൃതവും അവിവേകവുമാണ്. കേരളത്തിലെയും തമിഴ് നാട്ടിലെയും പ്രബുദ്ധവും സംസ്കാരസമ്പന്നവുമായ യുവജനങ്ങൾ പരസ്പരബഹുമാനവും സഹവർത്തിത്വവും നിലനിർത്തണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പെരുമാറണമെന്നും അഭ്യർത്ഥിക്കുന്നു. ദയവായി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കരുത്..












Click it and Unblock the Notifications