'ആ പാട്ടൊന്നു തീര്‍ക്കട്ടെ; കുഞ്ഞല്ലേ'; കച്ചേരി നിര്‍ത്തിച്ച് പൊലീസ്; 'ലഹരിക്കേസില്‍ ഈ ജാഗ്രത ഉണ്ടോ?'
ആലപ്പുഴ: കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ പത്തു വയസുകാരിയുടെ വയലിന്‍ കച്ചേരി നിര്‍ബന്ധപൂര്‍വം നിര്‍ത്തിച്ച പൊലീസ് നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
ഉത്സവത്തോടനുബന്ധിച്ച് ഗംഗ ശശിധരന്‍ എന്ന കൊച്ചു കലാകാരി അവതരിപ്പിച്ച വയലിന്‍ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. രാത്രി 10 മണി ആയതിനാല്‍ പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേജിന് മുന്നിലേക്കു വരികയായിരുന്നു. പൊലീസ് ആവശ്യപ്പെട്ട രീതയിലാണ് ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നത്.
ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടത്തിന് മുന്നിലാണ് ഗംഗയുടെ വയലിന്‍ കച്ചേരി പുരോഗമിച്ചുകൊണ്ടിരുന്നത്. മരുതമലയ് മാമണിയെ മുരുകയ്യാ'' എന്ന തമിഴ് പാട്ടാണ് വയലിനില്‍ വായിച്ചുകൊണ്ടിരുന്നത്. ആസ്വദിച്ച് വയലിന്‍ വായിക്കുന്നതിനിടെയാണ് പൊലീസ് സ്‌റ്റേജിന് മുന്നില്‍ എത്തി കച്ചേരി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പൊലീസിന്റെ പെട്ടെന്നുള്ള സമീപനത്തില്‍ കുട്ടി ഭയക്കുന്നത് സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. പിന്നാലെ ലൈറ്റും സൗണ്ടും ഓഫാക്കിയതായും ആരോപണമുണ്ട്.
'ചെയ്തുകൊണ്ടിരിക്കുന്ന പാട്ടെങ്കിലും ഒന്നു പൂര്‍ത്തിയാക്കട്ടെ; പാവം, ചെറിയ കുഞ്ഞാണ്' എന്ന് ഒരാള്‍ പറയുന്നതും വീഡിയോയില്‍ കാണാം. കച്ചേരി തുടരാനും പലരും ആവശ്യപ്പെടുന്നുണ്ട്. എന്തായാലും പൊലീസ് സമീപനത്തിന്റെ വീഡിയോ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

മലപ്പുറം സ്വദേശിയാണ് ഗംഗ ശശിധരന്‍. കൊച്ചു പ്രായത്തില്‍ തന്നെ വയലിനില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഗംഗ നിരവധി ക്ഷേത്രങ്ങളില്‍ കച്ചേരി അവതരിപ്പിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലും ഗംഗയുടെ കച്ചേരികള്‍ക്ക് ആരാധകര്‍ ഏറെയാണ്. അഞ്ചാം വയസില്‍ വയലിന്‍ പഠിച്ചുതുടങ്ങിയ ഗംഗ ഒരു പത്തു വയസുകാരിയുടെ പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയാണ് കച്ചേരികള്‍ അവതരിപ്പിക്കുന്നത്.
കച്ചേരി നിര്‍ത്തിച്ച പൊലീസ് നടപടിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം വര്‍ധിക്കുകയാണ്. 'ഇതിന്റെ നാലിലൊന്ന് ആത്മാര്‍ത്ഥത ലഹരി കടത്തുന്നവരെ പിടിക്കാന്‍ കാട്ടിയിരുന്നെങ്കില്‍' എന്നാണ് ഈ വീഡിയോയ്ക്കു താഴെ ഒരാള്‍ കമന്റായി കുറിച്ചത്.
'പൊതുഗതാഗതം തടഞ്ഞ് റോഡില്‍ സ്റ്റേജ് കെട്ടി ഒരു അനുമതി പോലും വാങ്ങാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിഞ്ഞാടുമ്പോള്‍ അതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ കഴിയുമോ പൊലീസേ.. എന്നാണ് ഒരാള്‍ ചോദിക്കുന്നത്. 'ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന പ്രോഗ്രാം ആണേല്‍ ഇവനൊന്നും തൊടില്ല... മുട്ട് വിറക്കും' എന്ന് പലരും കമന്റായി കുറിച്ചിട്ടുണ്ട്.
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച കാര്യവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കച്ചേരി നിര്‍ത്തിക്കാനുള്ള ആത്മാര്‍ത്ഥതയുടെ ഒരംശം ഉണ്ടായിരുന്നേല്‍ ആ നാല് കൊലയാളികള്‍ പത്താംതരം പരീക്ഷ എഴുതില്ലായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. എന്തായാലും കുട്ടിയെ ഭയപ്പെടുത്തി കച്ചേരി നിര്‍ത്തിച്ച പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്.












Click it and Unblock the Notifications