എത്ര മികച്ച ഡ്രൈവറാണെങ്കിലും ശരി, ഉറക്കത്തെ പിടിച്ചാല്‍ കിട്ടില്ല: രാത്രി യാത്രയില്‍ ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടത്തിന്റെ ആഘാതം ഇതുവരെ നമ്മളില്‍ പലരില്‍ നിന്നും വിട്ടുപോയിട്ടില്ല. സുധിയുടെ കൂടെയുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സിയില്‍ തുടരുന്നു. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുന്ന സംഘത്തിന്റെ വാഹനം കയ്പമംഗലത്ത് വെച്ച് പുലർച്ചയോടെയാണ് അപടത്തില്‍പ്പെടുന്നത്.
അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും സ്ഥിരം അപകടമേഖലയില്‍ വെച്ചാണ് സംഘം സഞ്ചരിച്ച കാറ് എതിർ ദിശയില്‍ വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുന്നത്. അപകടം സംബന്ധിച്ച വിശദമായ അന്വേഷണം പൊലീസ് നടത്തി വരികയാണ്. ഈ സാഹചര്യത്തില്‍ തന്നെയാണ് കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുന്നത്.

രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്ക് അപ്പുറം പിടിച്ച് നിർത്താന്‍ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ലെന്ന ശാസ്ത്രീയ വശമാണ് പ്രധാനമായും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം തന്നെ തുടർച്ചയായി നാല് മണിക്കൂർ ഡ്രൈവ് ചെയ്താല്‍ നിർബന്ധമായും 10 മിനിറ്റെങ്കിലും വിശ്രമിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
കേരള പൊലീസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ഉറക്കം തോന്നിയാൽ വണ്ടി നിറുത്തി വിശ്രമിക്കുക. പൂർണ ആരോഗ്യസ്ഥിതിയിൽ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവർക്കാണ്.
നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റിൽ കൺമുൻപിൽ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള വാഹനങ്ങൾ, റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, കാൽനട യാത്രകാർ, റോഡിന്റെ വശങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നു.
വാഹനങ്ങൾ നമ്മെ ഓടിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നത്. എതിരെ വരുന്ന വാഹനം അല്ലെങ്കിൽ യാത്രക്കാരൻ ഏതു രീതിയിൽ പ്രവർത്തിക്കുമെന്ന് മുൻകൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവർക്ക് ഉണ്ടായിരിക്കണം. അതായത് കൺമുൻപിൽ കാണുന്ന ഒരു കാര്യം കണ്ണിലൂടെ സംവേദനം ചെയ്ത് തലച്ചോറിൽ എത്തുകയും അവിടെ തീരുമാനമെടുത്ത് കൈകാലുകളിൽ തിരിച്ചെത്തി അത് വാഹനത്തിൽ പ്രവർത്തിച്ച് റോഡിൽ പ്രതിഫലിക്കണം. ഇത്രയും കാര്യങ്ങൾ ഒരു സെക്കന്റിൽ പ്രവർത്തിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടാണ് ഡ്രൈവറിന് ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണെന്ന് പറയുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാൻ പാടില്ല. തുടർച്ചയായി നാലു മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം നിർബന്ധമായും 10 മിനിറ്റ് എങ്കിലും വിശ്രമിക്കുക. നടുവേദനയുള്ളപ്പോൾ വാഹനം ഓടിക്കാതിരിക്കുക. യാത്രക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റാൻ സഹായിക്കും. പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ വാഹനം ഓടിക്കാവു. രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ മരുന്ന് കഴിച്ചു ആറ് മണിക്കൂറുകൾക്കു ശേഷമേ വാഹനം ഓടിക്കാവൂ. യാത്രക്കിടെ ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്. വാഹനം ഓടിക്കുമ്പോൾ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മറ്റുള്ളവരുടെ സഹായം തേടുക. ക്ഷമയോടു കൂടി വാഹനം ഓടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.












Click it and Unblock the Notifications