ഇലക്ഷൻ കാലത്ത് സോഷ്യൽ മീഡിയയിൽ കളി വേണ്ട; 'പണി' തരാൻ പോലീസ്!
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കെ, ഡിജിറ്റൽ ഇടങ്ങളിൽ കർശന നിരീക്ഷണവുമായി കേരള പോലീസ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് തടയാൻ പ്രത്യേക നിർദ്ദേശങ്ങളാണ് പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ ഇടങ്ങളിൽ രാഷ്ട്രീയ പ്രചാരണം നടത്തുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഔദ്യോഗിക കുറിപ്പിലൂടെ പോലീസ് അറിയിച്ചു.
എഐ വീഡിയോകൾക്ക് ലേബൽ നിർബന്ധം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകളും ഓഡിയോകളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് കുറ്റകരമായി കണക്കാക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം 'AI-Generated' എന്ന കൃത്യമായ ലേബൽ ഇല്ലാത്ത രാഷ്ട്രീയ പ്രചാരണ വീഡിയോകൾ പങ്കുവെക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നീക്കം.

ഗ്രൂപ്പ് അഡ്മിൻമാരുടെ ഉത്തരവാദിത്തം
സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കണം. ഗ്രൂപ്പ് അംഗങ്ങൾ ഇടുന്ന എല്ലാ പോസ്റ്റുകൾക്കും അഡ്മിൻമാർ നേരിട്ട് ഉത്തരവാദികളല്ലെന്ന് കോടതി നിരീക്ഷണമുണ്ടെങ്കിലും, നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതിരുന്നാൽ അഡ്മിൻമാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അറിഞ്ഞുകൊണ്ട് കൂട്ടുനിൽക്കുകയോ പോലീസിന്റെ നോട്ടീസുകളോട് സഹകരിക്കാതിരിക്കുകയോ ചെയ്യുന്നവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കും.
വിദ്വേഷ പ്രസംഗങ്ങൾക്ക് തടയിടും
ജാതി, മതം, വർഗ്ഗം എന്നിവയുടെ പേരിൽ വിഭാഗീയതയുണ്ടാക്കുന്ന സന്ദേശങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭാരതീയ ന്യായ സംഹിത (BNS 196) പ്രകാരം ജാമ്യമില്ലാ കുറ്റമാണ്. വോട്ടെടുപ്പ് തീയതികളെക്കുറിച്ചോ സ്ഥാനാർത്ഥികളെക്കുറിച്ചോ ഉള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുത്. കൂടാതെ, വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് ആരംഭിക്കുന്ന 'സൈലൻസ് പീരിയഡിൽ' സോഷ്യൽ മീഡിയ വഴിയുള്ള യാതൊരുവിധ രാഷ്ട്രീയ പ്രചാരണവും അനുവദിക്കില്ല.
തിരഞ്ഞെടുപ്പ് സുതാര്യമായും സമാധാനപരമായും നടത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. വോട്ടർമാർ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ശ്രദ്ധിക്കണം.












Click it and Unblock the Notifications