സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 201 കോടി രൂപ; നിസ്സാരമല്ല, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ 23,753 പേർക്ക് നഷ്ടമായത് 201 കോടി രൂപയാണ്. ഇതിൽ 3394 പേർക്ക് 74 കോടി രൂപ നഷ്ടമായത് ട്രേഡിംഗ് തട്ടിപ്പിലൂടെയാണ്. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും 239 സോഷ്യൽ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബർ വിഭാഗം ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിക്കാൻ സാധിച്ചിട്ടുണ്ടെന്ന കേരള പോലീസ് വ്യക്തമാക്കി.
കൂടുതൽ ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങൾ വഴിയാണ് നിക്ഷേപത്തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. ഇത്തരം പോസ്റ്റിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുന്നവരെ തട്ടിപ്പുകാർ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗങ്ങളാക്കുന്നു. തുടർന്ന് കൃത്രിമമായി നിർമ്മിച്ച വെബ്സൈറ്റ് മുഖേന നിക്ഷേപം നടത്താൻ ആവശ്യപ്പെടകയും ചെയ്യുന്നതാണ് രീതി. തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
സംസ്ഥാനത്ത് കഴിഞ്ഞവർഷം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേർക്ക് നഷ്ടമായത് 201 കോടി രൂപ. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വർഷം 3,394 പേർക്ക് നഷ്ടമായ 74 കോടി രൂപയും ഇതിൽപ്പെടുന്നു.
ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും 239 സോഷ്യൽ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബർ വിഭാഗം ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിക്കാൻ സാധിച്ചിട്ടുണ്ട്.
കൂടുതൽ ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങൾ വഴിയാണ് നിക്ഷേപത്തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. ഇത്തരം പോസ്റ്റിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുന്നവരെ തട്ടിപ്പുകാർ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗങ്ങളാക്കുന്നു. തുടർന്ന് കൃത്രിമമായി നിർമ്മിച്ച വെബ്സൈറ്റ് മുഖേന നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് അമിതലാഭം നൽകുന്നതോടെ പരാതിക്കാർക്ക് തട്ടിപ്പുകാരിൽ കൂടുതൽ വിശ്വാസം ഉണ്ടാകുകയും വൻതുക നിക്ഷേപമായി നൽകാൻ തയ്യാറാകുകയും ചെയ്യുന്നു.
അതേസമയം നിക്ഷേപകർ എന്ന വ്യാജേന തട്ടിപ്പുകാരുടെ സഹായികൾ തങ്ങൾക്ക് വൻ തുക ലാഭം കിട്ടിയെന്ന് കാണിക്കുന്ന തരത്തിലുള്ള സ്ക്രീൻ ഷോട്ടുകളും മറ്റും ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. ഇതോടെ വൻതുക നിക്ഷേപമായി നൽകാൻ ഇരകൾ തയ്യാറാകുന്നു. തങ്ങൾ നിക്ഷേപിച്ച തുകയുടെ രണ്ടോ മൂന്നോ ഇരട്ടി ലാഭവിഹിതമായി ലഭിച്ചതായി വെബ്സൈറ്റിൽ അറിയിപ്പ് കിട്ടുന്നതാണ് അടുത്ത പടി.
ഈ തുക പിൻവലിക്കണമെന്ന് ഇരകൾ ആവശ്യപ്പെടുമ്പോൾ കൂടുതൽ പണം നിക്ഷേപിച്ചാൽ മാത്രമേ മുതലും ലാഭവിഹിതവും പിൻവലിക്കാൻ കഴിയൂ എന്ന് വിശ്വസിപ്പിച്ചു കൂടുതൽ നിക്ഷേപം നടത്താൻ ഇരകളെ പ്രേരിപ്പിക്കുന്നു. കൂടാതെ, നിക്ഷേപം പിൻവലിക്കാനായി ജി.എസ്.ടിയും ടാക്സും എന്ന വ്യാജേന കൂടുതൽ പണം തട്ടിപ്പുകാർ കൈക്കലാക്കുന്നു. ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പുകളാണ് ദിവസേന സംസ്ഥാനത്ത് നടക്കുന്നത്.
എറണാകുളം തൃക്കാക്കര സ്വദേശിയിൽ നിന്ന് രണ്ടുകോടി 60 ലക്ഷം രൂപയും എറണാകുളം ആലുവ സ്വദേശിയിൽ നിന്ന് ഒരുകോടി 10 ലക്ഷം രൂപയും കോഴിക്കോട്, ആലപ്പുഴ സ്വദേശികളിൽ നിന്ന് 50 ലക്ഷം രൂപയും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പരാതികൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നതാണ് കേരള പോലീസ് നേരിടുന്ന പ്രധാന പ്രശ്നം. പണം നഷ്ടമായി രണ്ടു മണിക്കൂറിനുള്ളിൽ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിവരം അറിയിച്ചാൽ പണം തിരികെ പിടിക്കുന്നതിനുള്ള സാധ്യത വളരെയേറെയാണ്. എന്നാൽ പലപ്പോഴും പണം നിക്ഷേപിച്ച് പത്തുദിവസം വരെ കഴിഞ്ഞാണ് പോലീസിന് പരാതികൾ ലഭിക്കുന്നത്. ഇതിനാൽ തട്ടിപ്പുകാർക്ക് തുക പിൻവലിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നു.
ഇത്തരം നിക്ഷേപത്തട്ടിപ്പിൽ പെടാതിരിക്കാനായി പണം നിക്ഷേപിക്കുന്നതിനു മുൻപുതന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പരിശോധിച്ചു സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതാണ്. അതിന് ബുദ്ധിമുട്ടുള്ളവർ തൊട്ടടുത്ത ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിൻറെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നിക്ഷേപം നടത്താവൂ. സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് കേരള പോലീസ് അഭ്യർത്ഥിച്ചു. ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച പരാതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കാവുന്നതാണ്.












Click it and Unblock the Notifications