'ഓവർ കോൺഫിഡൻസ് വേണ്ട'; ഉറക്കത്തെ പിടിച്ചുനിർത്താൻ തലച്ചോറിന് സാധിക്കില്ല, ഡ്രൈവർമാർക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് കാലങ്ങളായി അര്‍ദ്ധരാത്രിയുള്ള റോഡപകടങ്ങള്‍ പതിവായി മാറുകയാണ്. കൂടതല്‍ അപകടങ്ങളും ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതിനെ തുടര്‍ന്നാണ് സംഭവിക്കുന്നത്. രാത്രിയാത്രയില്‍ അപകടസാധ്യത കൂടുതല്‍ ആണ്. സ്ഥിരമായി രാത്രിയാത്ര ചെയ്യുന്നവര്‍ക്ക് അപകട സാധ്യത പല മടങ്ങാവാനും സാധ്യതയുണ്ട്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.
നടന്‍ കൊല്ലം സുധിയുടെ അപകട മരണത്തിന് പിന്നാലെ രാത്രി യാത്രയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ രാത്രികാല ഡ്രൈവിംഗിനിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ഉറക്കം തോന്നിയാല്‍ വണ്ടി നിറുത്തി വിശ്രമിക്കണമെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു. കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ഉറക്കം തോന്നിയാല്‍ വണ്ടി നിറുത്തി വിശ്രമിക്കുക.
പൂര്‍ണ ആരോഗ്യസ്ഥിതിയില്‍ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങള്‍ എടുക്കാന്‍ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവര്‍ക്കാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റില്‍ കണ്‍മുന്‍പില്‍ കാണേണ്ടിവരുന്നു.
മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുന്‍പിലും പിന്നിലുമുള്ള വാഹനങ്ങള്‍, റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍, കാല്‍നട യാത്രകാര്‍, റോഡിന്റെ വശങ്ങള്‍ തുടങ്ങി നിരവധികാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. വാഹനങ്ങള്‍ നമ്മെ ഓടിക്കുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. എതിരെ വരുന്ന വാഹനം അല്ലെങ്കില്‍ യാത്രക്കാരന്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവര്‍ക്ക് ഉണ്ടായിരിക്കണം.
അതായത് കണ്‍മുന്‍പില്‍ കാണുന്ന ഒരു കാര്യം കണ്ണിലൂടെ സംവേദനം ചെയ്ത് തലച്ചോറില്‍ എത്തുകയും അവിടെ തീരുമാനമെടുത്ത് കൈകാലുകളില്‍ തിരിച്ചെത്തി അത് വാഹനത്തില്‍ പ്രവര്‍ത്തിച്ച് റോഡില്‍ പ്രതിഫലിക്കണം. ഇത്രയും കാര്യങ്ങള്‍ ഒരു സെക്കന്റില്‍ പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടാണ് ഡ്രൈവറിന് ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണെന്ന് പറയുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാന്‍ പാടില്ല.
തുടര്‍ച്ചയായി നാലു മണിക്കൂര്‍ ഡ്രൈവ് ചെയ്ത ശേഷം നിര്‍ബന്ധമായും 10 മിനിറ്റ് എങ്കിലും വിശ്രമിക്കുക.
നടുവേദനയുള്ളപ്പോള്‍ വാഹനം ഓടിക്കാതിരിക്കുക.
യാത്രക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റാന്‍ സഹായിക്കും.
പൂര്‍ണ ആരോഗ്യവാണെങ്കില്‍ മാത്രം വാഹനം ഓടിക്കാവു.
രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ മരുന്ന് കഴിച്ചു ആറ് മണിക്കൂറുകള്‍ക്കു ശേഷമേ വാഹനം ഓടിക്കാവൂ.
യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്.
വാഹനം ഓടിക്കുമ്പോള്‍ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ മറ്റുള്ളവരുടെ സഹായം തേടുക.
ക്ഷമയോടു കൂടി വാഹനം ഓടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.


Click it and Unblock the Notifications