സ്വകാര്യ നിമിഷങ്ങൾ മൊബൈലില്‍ സൂക്ഷിക്കുന്നവരാണോ ? വിവരങ്ങൾ ലീക്കാകാം;മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: മൊബൈൽ ഫോൺ ഗാലറിയിൽ സ്വകാര്യ വിവരങ്ങൾ സൂക്ഷിക്കുന്ന വ്യക്തികൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്. നാം അറിയാതെ നമ്മുടെ മൊബൈൽ ഫോണിലെ പ്രധാന വിവരങ്ങളും ഫയലുകളും ഫോട്ടോകളും മറ്റൊരു വ്യക്തിയ്ക്ക് എടുക്കുവാൻ കഴിയുമെന്ന് പൊലീസ് പറയുന്നു.കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് കാര്യങ്ങൾ പരാമർശിക്കുന്നത്.
മൊബൈൽ ഫോൺ ആപ്പുകളിൽ ഉപയോക്താക്കൾ ചോദിക്കുന്ന എല്ലാ അനുമതികൾക്കും സമ്മതം കൊടുക്കാറുണ്ട്. ഇത് വലിയ തട്ടിപ്പിലേക്ക് വഴിയൊരുക്കും. പലതരം ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കാനായി ഉപയോക്താക്കൾ ഇൻസ്റ്റാൾ ചെയ്യുന്നത്.

ഈ ആപ്ലിക്കേഷനുകൾ പലതരം അനുമതികൾ ചോദിക്കാറുണ്ട്. ഇത്തരം അനുമതികൾ മറ്റ് വിവരങ്ങൾ ചോർത്താനുള്ള സാധ്യതകൾ ഉയർത്തുന്നതായി പൊലീസ് പറയുന്നു. മൊബൈൽ ഫോണിന്റെ യഥാർത്ഥ ഉടമ പോലും അറിയാതെ രഹസ്യ രീതിയിലുള്ള ആപ്പുകൾ ഫോണിൽ സ്ഥാപിക്കുവാൻ മറ്റ് വ്യക്തികൾക്ക് സാധിക്കും. പ്രതീക്ഷിക്കാത്ത തരത്തിലെ സന്ദേശങ്ങൾ ലിങ്കുകളായാണ് ഫോണിൽ എത്തുക. ഈ ലിങ്കുകൾ വഴി സ്വകാര്യ വിവരങ്ങൾ മറ്റ് വ്യക്തികൾക്ക് ലഭിക്കാം. ഇതിനുളള സാധ്യതകൾ തളളി കളയാൻ കഴിയില്ലെന്ന് പൊലീസ് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്താം. ഇത്തരത്തിൽ തട്ടിപ്പിനിരയാകുന്ന അനേകം സാഹചര്യവും നിലവിലുണ്ട്. മൊബൈൽ ഫോണിന്റെ ക്യാമറ പോലും മറ്റൊരാൾക്ക് ഹാക്ക് ചെയ്യാൻ കഴിയുമെന്ന് കേരള പൊലീസ് വ്യക്തമാക്കുന്നു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം ; -
'സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോൺ ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർ ശ്രദ്ധിക്കുക. ആവശ്യപ്പെടുന്ന അനുമതികൾ എല്ലാം സമ്മതിച്ച് നമ്മൾ പല ആപ്പുകളും ഫോണിൽ ഇന്‍സ്ടാള്‍ ചെയ്യുന്നു. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ വിവരങ്ങളും ഫയലുകളും ചോർത്തപ്പെടാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല.
മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമപോലും അറിയാതെ സ്ഥാപിക്കുവാൻ തട്ടിപ്പ് സംഘങ്ങൾക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈൽ ഫോൺ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്. മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാൾ അറിയാതെ തന്നെ നിയന്ത്രിക്കാൻ ഹാക്കറിനെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ, ഡിലീറ്റ് ചെയ്ത ഫയലുകൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകൾ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാം'












Click it and Unblock the Notifications