തോക്കും ഉണ്ടയും എവിടെ സാറേ..: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കൊണ്ടുപോയ തോക്ക് നഷ്ടമായി, കാരണം തമ്മിലടി?
തിരുവനന്തപുരം: മധ്യപ്രദേശിലേക്ക് തിരഞ്ഞെടുപ്പിന് പോയ കേരള പൊലീസിലെ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും തോക്കും പത്ത് റൗണ്ട് തിരയും നഷ്ടമായതായി റിപ്പോർട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേരളത്തില്‍ നിന്നും പോയ എസ് എ പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കി രാജസ്ഥാനില്‍ ചുമതല ഏറ്റെടുക്കാനുള്ള യാത്രക്കിടയിലാണ് സംഭവം.
മധ്യപ്രദേശില്‍ നിന്നും 200 കിലോമീറ്ററില്‍ അധികം സഞ്ചരിച്ച ശേഷമാണ് തോക്ക് നഷ്ടമായ വിവരം മനസ്സിലാകുന്നത്. ഇതോടെ തോക്ക് തേടി മറ്റൊരു ട്രെയിനില്‍ മധ്യപ്രദേശിലേക്ക് തിരികെ യാത്ര ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. വിശദമമായ അന്വേഷണം നടത്തിയെങ്കിലും തോക്കും തിരകളും കണ്ടെത്താന്‍ സാധിച്ചില്ല.

തോക്കും തിരകളും കാണാതായതിന് പിന്നില്‍ പോലീസുകാരുടെ തമ്മിലടിയാണെന്ന സൂചനയാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിൽ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടുവെന്ന് പാൻട്രി ജീവനക്കാർ മൊഴി നല്‍കിയിട്ടുണ്ട്. ഇത് തോക്കാണെന്ന സംശയം ശക്തമാണ്.
മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്റെ തോക്കും തിരകളുമാണ് നഷ്ടമായത് ഗുരുതരമായ വീഴ്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌പെഷ്യല്‍ ട്രെയിനിലെ ക്യാബിനില്‍ പോലീസുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായാണ് റിപ്പോർട്ട്. ഇതിനിടെ തിരുവനന്തപുരത്തെ ഐ ആര്‍ ബറ്റാലിയനില്‍ ഉള്‍പ്പെട്ട വിശാഖിന്റെ ബാഗ് മറ്റൊരു ഉദ്യോഗസ്ഥന്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
മദ്യപാനത്തെ തുടർന്നുണ്ടാ തർക്കമാണ് തോക്ക് നഷ്ടപ്പെടുന്നതിലേക്ക് കലാശിച്ചതെന്നാണ് വിവരം. കെ എ പി (കേരള സായുധസേന) മൂന്നിലെ എ എസ് ഐയും കെ എ പി നാലിലെ എ സ് ഐയും തമ്മിലാണ് തര്‍ക്കമുണ്ടായതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഈ വിഷയത്തില്‍ ഉള്‍പ്പെടാത്ത ഉദ്യോഗസ്ഥന്റെ ചുമതലയിലുണ്ടായിരുന്ന തോക്കാണ് നഷ്ടമായത്. നഷ്ടപ്പെട്ട തോക്ക് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും. ബാഗ് തിരക്കി 10 ഉദ്യോഗസ്ഥർ ഇപ്പോഴും മധ്യപ്രദേശില്‍ തുടരുന്നുമുണ്ട്.












Click it and Unblock the Notifications