കേരളം ഇരുട്ടിലേക്ക്? ലോഡ്ഷെഡിംഗ് തീരുമാനിക്കാൻ ഇന്ന് നിർണ്ണായക യോഗം!
കടുത്ത ചൂടിന് പിന്നാലെ വൈദ്യുതി ഉപഭോഗത്തിലുണ്ടായ റെക്കോർഡ് വർധനവും കാരണം സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. നിലവിലുള്ള അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നത് അടക്കം ബോർഡിന്റെ പരിഗണനയിൽ ഉണ്ട്.
റെക്കോർഡുകൾ ഭേദിച്ച് വൈദ്യുതി ഉപഭോഗം
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 115 മില്യൺ യൂണിറ്റിന് മുകളിലെത്തിയിരിക്കുകയാണ്. പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ 11 വരെ) ആവശ്യം 6000 മെഗാവാട്ടിലേക്ക് അടുക്കുന്നു. പുറത്തുനിന്നുള്ള വൈദ്യുതി കരാറുകൾ അവസാനിച്ചതും, പശ്ചിമേഷ്യൻ സംഘർഷം മൂലം ഗ്യാസ് ലഭ്യത കുറഞ്ഞതോടെ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വർധിച്ചതും പ്രതിസന്ധിക്ക് കാരണമായതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വേനൽ മഴ ലഭിക്കാത്തതും ഡാമുകളിലെ ജലനിരപ്പ് താഴുന്നതും കെഎസ്ഇബിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. സംസ്ഥാനത്ത് പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുക. വൈകിട്ട് ആറ് മണിമുതലുള്ള സമയത്ത് പതിനഞ്ച് മിനിറ്റ് മുതൽ അരമണിക്കൂർ വരെ സംസ്ഥാനത്ത് എവിടെയും വൈദ്യുതി മുടങ്ങാം.

അടിയന്തര നടപടികൾ
പ്രതിസന്ധി പരിഹരിക്കാനായി 250 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 10 രൂപ നിരക്കിൽ പുറത്തുനിന്ന് വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ദേശീയ തലത്തിൽ തന്നെ വൈദ്യുതിക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ ഇത് എത്രത്തോളം ലഭ്യമാകുമെന്ന് കണ്ടറിയണം. കൃത്യമായ ആസൂത്രണം നടത്തുന്നതിൽ ബോർഡിന് വീഴ്ച പറ്റിയെന്ന് റെഗുലേറ്ററി കമ്മീഷൻ വിമർശിച്ചിരുന്നു.
വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ എയർ കണ്ടീഷണറുകൾ, വാട്ടർ ഹീറ്ററുകൾ തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിയന്ത്രിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ചേരുന്ന യോഗത്തിൽ ലോഡ്ഷെഡിംഗ് സംബന്ധിച്ച വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചില്ലെങ്കിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.












Click it and Unblock the Notifications