തടവു ചാടിയ പ്രതി മൂന്നു ദിവസത്തിനകം മടങ്ങിയെത്തി!! കാരണം കേട്ടാല്‍ ചിരിക്കും...സംഭവം കേരളത്തില്‍
തുറന്ന ജയിലിലായിരുന്ന പ്രതിയെ സബ് ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: കിലുക്കം സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗം കേരളത്തില്‍. കാട്ടാക്കടയിലെ തുറന്ന ജയിലില്‍ നിന്നു ചാടിപ്പോയ പ്രതിയാണ് മൂന്നു ദിവസത്തിനു ശേഷം തിരിച്ചെത്തിയത്. ഭക്ഷണം കിട്ടാതെ വിശന്നു വലഞ്ഞ പ്രതി അവശനായി ജയിലില്‍ മടങ്ങിയെത്തുകയായിരുന്നു. ബംഗാള്‍ സ്വദേശിയായ 36 കാരന്‍ അബ്ദുല്‍ റസാഖാണ് ഈ പ്രതി. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ജയില്‍ ചാടിയത്.

ജയിലില്‍ തിരിച്ചെത്തിയ ഉടന്‍ റസാഖ് തനിക്കു ഭക്ഷണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട് സാംസണ്‍ പറഞ്ഞു. ജയില്‍ ചാടിയ താന്‍ ഒരിടത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ റസാഖിന്റെ പക്കല്‍ നിന്നു മൊബൈല്‍ ഫോണ്‍ ജയില്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഇതു പരാതിപ്പെട്ടാല്‍ തന്നെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുമോയെന്ന ഭയം കാരണമാണ് ജയില്‍ ചാടിയതെന്ന് റസാഖ് പോലീസിനോടു പറഞ്ഞു.

മോഷണക്കേസിലാണ് റസാഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ വളരെ ശാന്തനും അനുസരണയുള്ളവനുമായിരുന്നു പ്രതിയെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതോടെ റസാഖിനെ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications