വീണ്ടും അഭിമാനമായി കേരളം: 6 ആശുപത്രികൾക്ക് കൂടി എൻക്യുഎഎസ് അംഗീകാരം ലഭിച്ചതായി വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 4 ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. തൃശൂർ എഫ് എച്ച് സി മാടവന 98% സ്‌കോറും കാസർഗോഡ് എഫ് എച്ച് സി ബെള്ളൂർ 87% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതൽ ആശുപത്രികൾക്ക് എൻ ക്യു എ എസ്. അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

കോട്ടയം എഫ് എച്ച് സി വെളിയന്നൂർ 86% സ്‌കോറും, മലപ്പുറം എഫ് എച്ച് സി അമരമ്പലം 84% സ്‌കോറും, തൃശൂർ യു പി എച്ച് സി പോർക്കളങ്ങാട് 92% സ്‌കോറും, കാസർഗോഡ് എഫ് എച്ച് സി ചിറ്റാരിക്കൽ 87% സ്‌കോറും നേടി പുന:അംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 172 ആശുപത്രികൾ എൻ ക്യു എ എസ് അംഗീകാരവും 73 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 115 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികൾ ദേശീയ ലക്ഷ്യ അംഗീകാരവും നേടിയിട്ടുണ്ട്.
അതേസമയം, നവകേരളം കർമപദ്ധതി 2 ജില്ലാതല അവലോകന യോഗങ്ങൾ ബുധനാഴ്ച (22 നവംബർ) മുതൽ 2024 ജനുവരി 8 വരെ ജില്ലകളിൽ നടക്കും. ഹരിതകേരളം മിഷൻ, ആർദ്രം മിഷൻ, ലൈഫ് മിഷൻ, വിദ്യാകിരണം എന്നീ മിഷനുകളുടെ പ്രവർത്തനങ്ങളും വിവിധ പദ്ധതികളുടെ പുരോഗതിയും അവലോകനം ചെയ്യും. 2024 മാർച്ച് 31 ന് മുമ്പ് പൂർത്തിയാക്കേണ്ട പദ്ധതികളും അവലോകന യോഗത്തിൽ ചർച്ച ചെയ്യും. 14 ജില്ലകളിലും നടക്കുന്ന യോഗങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങി അതാത് ജില്ലാ മിഷൻ ടീം അംഗങ്ങളും നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ടീം അംഗങ്ങളും പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ മേഖലാതല അവലോകനയോഗ തീരുമാനങ്ങളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും നവകേരളം കർമപദ്ധതിയുടെ ഭാഗമായി ജില്ലകളിൽ പ്രവർത്തിക്കുന്ന മിഷനുകളുടെ പ്രവർത്തനങ്ങളും പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് അവലോകന യോഗം സംഘടിപ്പിക്കുന്നത്.
ജില്ലാതല അവലോകന യോഗം
പത്തനംതിട്ട (നവംബർ 22), കൊല്ലം (നവംബർ 24), വയനാട് (ഡിസംബർ 06), കോഴിക്കോട് (ഡിസംബർ 07), മലപ്പുറം (ഡിസംബർ 08), തൃശ്ശൂർ (ഡിസംബർ 11), പാലക്കാട് (ഡിസംബർ 12), കാസർഗോഡ് (ഡിസംബർ 14), കണ്ണൂർ (ഡിസംബർ 15), ഇടുക്കി (ഡിസംബർ 28), കോട്ടയം (ഡിസംബർ 27), ആലപ്പുഴ (ജനുവരി 05), എറണാകുളം (ജനുവരി 06), തിരുവനന്തപുരം (ജനുവരി 08), എന്നീ തീയതികളിലായിരിക്കും നടക്കുന്നത്.












Click it and Unblock the Notifications