കേരളത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കൂടുന്നു; വരുമാനത്തില്‍ വന്‍ കുതിപ്പ്
തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ യാത്രാ വരുമാനത്തില്‍ വലിയ നേട്ടമുണ്ടാക്കിയതായി വിവരാവകാശ രേഖ. ഒമ്പത് റെയില്‍വേ സ്റ്റേഷനുകള്‍ 100 കോടിയിലേറെ രൂപ വരുമാനം നേടി എന്നാണ് പത്തനംതിട്ട സ്വദേശി നിഖില്‍ എസ് ആനന്ദിന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്. 2025-26 സാമ്പത്തിക വര്‍ഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ 319.21 കോടി രൂപയാണ് വരുമാനയിനത്തില്‍ സ്വന്തമാക്കിയത്.
2024-25 ല്‍ ഇത് 288.32 കോടി രൂപയും 2023-24 ല്‍ ഇത് 281.12 കോടി രൂപയും ആയിരുന്നു. രണ്ടാം സ്ഥാനത്ത് എറണാകുളം ജംഗ്ഷന്‍ ആണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 241.71 കോടി, 249.95 കോടി എന്നിങ്ങനെ വരുമാനം നേടിയ എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 267.50 കോടി രൂപയാണ് വരുമാനയിനത്തില്‍ സ്വന്തമാക്കിയത്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ആണ് മൂന്നാം സ്ഥാനത്ത്. 2024-25 ല്‍ 190.12 കോടി രൂപയും 2023-24 ല്‍ 190 കോടി രൂപയും വരുമാനം നേടിയ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഇത്തവണ 28.51 കോടിരൂപ വര്‍ധിപ്പിച്ച് 218.63 കോടി രൂപയിലെത്തി. തൃശൂര്‍ 195.44 കോടി (164.79 കോടി-2023-24 ,166.66 കോടി 2024-25), എറണാകുളം ടൗണ്‍ 164.93 കോടി (139.1 കോടി 2023-24, 146.76-2024-25) എന്നിങ്ങനെ ടോപ് 5 ലെ മറ്റ് റെയില്‍വേ സ്റ്റേഷനുകള്‍.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും 121.62 കോടി, 123.74 കോടി എന്നിങ്ങനെയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണ അത് 136.11 കോടി രൂപയായി മാറി. പാലക്കാട് റെയില്‍വേ സ്റ്റേഷന് പക്ഷെ ഇത്തവണ വരുമാനത്തില്‍ ഇടിവുണ്ടായി. 2023-24 ല്‍ 119.35 കോടി രൂപയും 2024-25 ല്‍ 138.12 കോടി രൂപയും ആയിരുന്ന പാലക്കാട് റെയില്‍വേ സ്റ്റേഷന്റെ വരുമാനം ഈ സാമ്പത്തിക വര്‍ഷം ആറ് കോടി കുറഞ്ഞ് 132.11 കോടി രൂപയായി മാറി.
കൊല്ലം റെയില്‍വേ സ്റ്റേഷന് ഈ സാമ്പത്തിക വര്‍ഷത്തില്‍ 12 കോടി രൂപയുടെ വരുമാന വര്‍ധനവുണ്ടായി. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തിലും യഥാക്രമം 103.01 കോടി, 108.99 കോടി എന്നിങ്ങനെയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണ അത് 120.85 കോടിയായി ഉയര്‍ന്നു. ആലുവ റെയില്‍വേ സ്‌റ്റേഷനും 100 കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തെ 83.20 കോടി, 85.85 കോടി എന്നിവയില്‍ നിന്ന് 100.45 കോടിയായി വരുമാനം ഉയര്‍ത്തിയിരിക്കുകയാണ് ആലുവ.
ടോപ് 10 റെയില്‍വേ സ്റ്റേഷനുകളില്‍ പത്താം സ്ഥാനത്ത് കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ആണ്. മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ 88.89 കോടി, 87.55 കോടി രൂപ എന്നിങ്ങനെയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണ അത് 89.53 കോടി രൂപയായി ഉയര്‍ന്നു. അതേസമയം ചെങ്ങന്നൂര്‍, തിരുവനന്തപുരം നോര്‍ത്ത്, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, കായംകുളം എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ ഈ സാമ്പത്തിക വര്‍ഷം 50 കോടി രൂപയോളം യാത്രാ വരുമാനത്തില്‍ നിന്ന് നേടി.
കാസര്‍കോട്, തലശ്ശേരി എന്നിവ 50 കോടിയിലേക്ക് കുതിക്കുകയാണ്. 2024-25 വര്‍ഷം ദേശീയപാതയിലെ പ്രവൃത്തിയും മറ്റും ഹ്രസ്വദൂര യാത്രക്കാരെ ട്രെയിന്‍ യാത്രയ്ക്കായി പ്രേരിപ്പിച്ചു. തീവണ്ടികളുടെ സമയ കൃത്യതയും സ്റ്റേഷനുകളുടെ വിപുലീകരണവും ഈ സാമ്പത്തിക വര്‍ഷം യാത്രക്കാരെ ആകര്‍ഷിച്ചു. റിസര്‍വ് യാത്രക്കാരുടെ വരുമാനത്തിനൊപ്പം അണ്‍ റിസര്‍വ്ഡ് യാത്രാ വരുമാനവും കൂടിയിട്ടുണ്ട് എന്നാണ് കണക്ക്.















Click it and Unblock the Notifications