അതിതീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിലെത്തും, അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ എത്തിച്ചേരുന്നതോടെ കേരളത്തിൽ മഴ ശക്തപ്പെടാനാണ് സാധ്യത. ഇന്നടക്കം അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത ഉണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

അതേ സമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 2024 ഓഗസ്റ്റ് 29 മുതൽ 31 വരെയും; കർണാടക തീരത്ത് 2024 ഓഗസ്റ്റ് 28 (ഇന്ന്) മുതൽ 31 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 29/08/2024 മുതൽ 31/08/2024 വരെ: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
29/08/2024: വടക്ക് കിഴക്കൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ പല ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.












Click it and Unblock the Notifications