വേനൽ മഴ ശക്തമാകുന്നു; ഏപ്രിൽ രണ്ടിന് മൂന്ന് ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽ മഴ ശക്തമാകും. മൂന്ന് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ബുധനാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
അതേ സമയം സംസ്ഥാനത്ത് .ചൂട് ഉയരുകയാണ്. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത- പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തു. സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടിൽ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയിൽ കുറവുണ്ടാകാൻ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാൻ കഴിയുന്ന നിർദ്ദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നടപ്പിലാക്കും. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും.
തണ്ണീർ പന്തലുകൾ വ്യാപകമാക്കും. ഓട്ടോ, ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ, ഹോട്ടലുകളുടെ മുന്നിൽ സെക്യൂരിറ്റിയായി നിൽക്കുന്നവർ എന്നിവർക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുതുക്കിയ സമയക്രമ ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. ടൂറിസ്റ്റുകൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാനിർദേശങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കും.
ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് താലൂക്ക്തല ആശുപത്രികളിൽ ചികിത്സാ സൗകര്യം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും. തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കും. ജലക്ഷാമം മുൻകൂട്ടി മനസ്സിലാക്കി പ്രാദേശിക തലത്തിൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ജലസംഭംരണികൾ ശുചീകരിച്ചും പരമാവധി വേനൽ മഴയിലൂടെയുള്ള ജലം സംഭരിച്ചും നിലവിലെ പ്രതിസന്ധികളെ ഇല്ലാതാക്കണമെന്നും വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ചൂടിൽ നിന്നാവശ്യമായ സംരംക്ഷണം നൽകുന്നത് പോലെ അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ ഉണ്ടാകണമെന്നതിനാൽ ഇവയ്ക്കാവശ്യമായ ശുദ്ധജലമടക്കം ഉറപ്പ് വരുത്തണം. വനം- വന്യജീവി സംഘർഷം പരമാവധി കുറക്കുന്നതിന് വനത്തിനുള്ളിലെ ജലലഭ്യതയും ജലസംഭരണികളുടെ സംരക്ഷണവും കൃത്യമായി ഉറപ്പ് വരുത്തണം.
ഉഷ്ണതരംഗം പ്രധാന വിഷയമാക്കി പ്രത്യേക വാർഡ് സഭകൾ, കൺവെൻഷനുകൾ എന്നിവ ചേർന്ന് പൊതുചർച്ച ഉണ്ടാകണം. വഴിയോരക്കച്ചവടക്കാർ, വ്യാപാരികൾ എന്നിവർക്കും ജാഗ്രത നൽകുകയും ഇവർക്കാവശ്യമായ കുടിവെള്ള ലഭ്യതയ്ക്ക് സമീപ ഹോട്ടലുകളുമായി സഹകരിക്കാവുന്നതുമാണ്. കിടപ്പ് രോഗികൾ, പ്രായമായവർ എന്നിവർക്ക് വീടിനുള്ളിലും പ്രത്യേക ശ്രദ്ധ ഇക്കാലയളവിൽ ഉണ്ടാകണം.
ആശ, ആരോഗ്യപ്രവർത്തകരെ ഉപയോഗിച്ച് ഒരു നിരീക്ഷണ ടീം രൂപീകരിക്കുകയും ഇവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യേണ്ടതാണ്. പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട് നൽകണം. വീടില്ലാതെ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും ഇവർക്ക് ആവശ്യമായ അഭയം നൽകേണ്ട സാഹചര്യത്തിൽ അത് പരിഗണിക്കണമെന്നും നിർദേശിച്ചു.
തണലുള്ളതും വൃക്ഷങ്ങളുള്ളതുമായ പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ഇക്കാലയളവിൽ പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിനായി തുറന്നു നൽകും. താപനില അളക്കാൻ കഴിയുന്ന മാപിനികൾ വ്യാപകമാക്കുകയും അവ നിരീക്ഷിച്ച് തുടർ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും ചെയ്യും. തദ്ദേശീയ, പരമ്പരാഗത അറിവുകൾ പ്രാദേശികമായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാകണം ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടത്. ഹരിത ഇടങ്ങൾ സൃഷ്ടിച്ചും നഗരാസൂത്രണ രേഖയിലടക്കം കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടുത്തിയും ഗ്രീൻ സാങ്കേതിക വിദ്യ, കൂൾ റൂഫിംഗ് കെട്ടിട നിർമ്മാണ രീതികൾ എന്നിവ പിൻതുടരുകയും ചെയ്യണം. കാർബൺ ബഹിർഗമനം പരമാവധി കുറച്ചും തണൽ മരങ്ങൾ വ്യാപകമായി നട്ടുവളർത്തിയും ഏകോപിതമായ നടപടികൾ വിവിധ വകുപ്പുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.












Click it and Unblock the Notifications