കേരളത്തിൽ ഇന്ന് അതിശക്തമായ മഴ; 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 5 ജില്ലകളിൽ യെല്ലോ അലേർട്ട്..
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ശക്തമായ മഴ തുടരാനാണ് സാധ്യത. തീവ്രമായ മഴ സാധ്യത കണക്കിലെടുത്ത് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.
വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ. പാലക്കാട്. മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി INCOIS അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തീരങ്ങൾക്ക് ജാഗ്രത നിർദേശം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ 27- 06 -2024 ഉച്ചക്ക് 02.30 വരെ 2.9 മുതൽ 3. 4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും 27-06- 2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം, മുതലായവ ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications