തീവ്ര മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്; ഞായറാഴ്ചയും അതിശക്തമായ മഴ, മുന്നറിയിപ്പ് ഈ ജില്ലകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേ സമയം ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications