സംസ്ഥാനത്ത് മഴ കനക്കുന്നു; അതിതീവ്ര മഴ മുന്നറിയിപ്പ്, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളിൽ റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂർ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
നിലവിലെ ഉപഗ്രഹ/ റഡാർ സൂചനപ്രകാരം അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ പ്രത്യേകിച്ച് മധ്യ കേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ തുടരാനാണ് സാധ്യത എന്നാണ് അറിയിപ്പ്.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നുയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി അറിയിപ്പിണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications