തെക്കൻ ജില്ലകളിൽ മഴ കനക്കും; ഇന്ന് തീവ്ര മഴ, ഞായറാഴ്ച വരെ അതിശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആഴപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം, ദന' തീവ്ര ചുഴലിക്കാറ്റ് ഒഡിഷ തീരത്തു കരയിൽ പ്രവേശിച്ചു. ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു.
അടുത്ത 6 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡിഷക്ക് മുകളിലൂടെ സഞ്ചരിച്ചു അതി തീവ്ര ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യത.
തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപം ചക്രവാത ചുഴി രൂപപ്പെട്ടു . തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്.
കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ഒക്ടോബർ 25 ) അതി ശക്തമായ മഴക്കും ഒക്ടോബർ 25 -27 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നും നാളെയും കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.












Click it and Unblock the Notifications