വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ബുധനാഴ്ച 3 ജില്ലകളിൽ യെല്ലോ അലർട്ട്..
തിരുവനന്തപുരം: കോമറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിന്റെ ഫലമായി ജനുവരി 13 -16 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം ഉണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്.

അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത - ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്ന് ഉച്ചയ്‌ക്ക് 02.30 മുതൽ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ
) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications