ഇന്ന് മഴ പെയ്‌തോ? നാളെ ഈ മൂന്ന് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്: 25 വരെ മഴ തുടരും
സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി ഇന്ന് മുതല്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നത്. ഇന്ന് അഞ്ചു ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ മധ്യകേരളത്തില്‍ മാനം മുടിക്കെട്ടി നിന്നെങ്കിലും കാര്യമായ മഴ ലഭിച്ചിട്ടില്ല. ഫെബ്രുവരി 25 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ /ഇടത്തരം മഴ തുടരുമെന്നാണ് പ്രവചനത്തില്‍ ഉള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
24 മണിക്കൂറില്‍ 65.5 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍ ശക്തി പ്രാപക്കാന്‍ സാധ്യതയുണ്ട്. നേരത്തെ ഉണ്ടായിരുന്ന ചക്രവാതച്ചുഴിയുടെ ശക്തി ക്ഷയിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മത്സ്യബന്ധനത്തിന് മുന്നറിയിപ്പ്
കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
23-ന് തെക്കന്‍ ശ്രീലങ്കന്‍ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാല്‍ മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.












Click it and Unblock the Notifications