വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും; പ്രളയ സാധ്യത ഇല്ലെന്ന് മന്ത്രി കെ രാജൻ
തൃശൂർ: വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അപകട സാധ്യത ഉള്ളവരെ മാറ്റിപാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ചെയ്യുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ വിളിച്ച കളക്ടർമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധാരണ പരത്തുന്ന വാർത്തയോ ദൃശ്യങ്ങളോ പ്രചരിപ്പിക്കരുത്. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവും. പ്രളയ സാധ്യത ഇപ്പോഴില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. മഴ ശക്തമാവുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുത്.

മണ്ണിടിച്ചിലുണ്ടാവാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ രാത്രിയാത്ര പരമാവധി ഒഴിവാക്കണം എന്നും മന്ത്രി പറഞ്ഞു. കടൽത്തീരങ്ങളിൽ വിനോദസഞ്ചാരം ഒഴിവാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലെല്ലാം സൂചന ബോർഡുകൾ ഉണ്ടോ എന്നും ജില്ലകളുടെ കളക്ടർമാർ ശ്രദ്ധിക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു.
കാറ്റ് ആഞ്ഞുവീശാൻ സാധ്യത ഉള്ളതിനാൽ പൊതുസ്ഥലങ്ങളിൽ അപകടകരമായ മരച്ചില്ലകൾ ഉണ്ടെങ്കിൽ അത് വെട്ടിമാറ്റണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണം. എൻ ഡി ആർ എഫിന്റെ 9 ടീമുകൾ സംസ്ഥാനത്ത് ഉണ്ട്. നിലവിൽ 11 ക്യാമ്പുകളെ സംസ്ഥാനത്ത് ഉള്ളൂ. പക്ഷേ ആവശ്യമുള്ള ഘട്ടങ്ങളിൽ പുതിയ ക്യാമ്പുകൾ ആരംഭിക്കാൻ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്യാമ്പുകളുടെയും തലവനായി ഒരു റവന്യു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അതേ സമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്, വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലായ് 19 ഓടെ രൂപപ്പെടാൻ സാധ്യതയുള്ളതായും അറിയിപ്പ്. നിലവിൽ തെക്കൻ ഛത്തീസ്‌ഗറിനും വിദർഭക്കും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.
കേരള തീരത്ത് ശക്തിയേറിയ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടും കാറ്റോടു കൂടിയ മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.












Click it and Unblock the Notifications