സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന പതിനഞ്ചാം തിയ്യതി വരെ മഴ തുടര്‍ന്നേക്കും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഉച്ച മുതൽ മഴ ആരംഭിച്ചു. സംസ്ഥാനത്ത് 8 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2022 ഏപ്രിൽ 11, 12, 13 എന്നീ തീയ്യതികളിൽ കേരളത്തിൽ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള തീരത്ത്നിന്നും ആരും ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11-04-2022: തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറില്‍ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഏപ്രിൽ 11 മുതൽ ഏപ്രിൽ 12 അർദ്ധരാത്രി വരെ കേരളതീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളതീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ് എന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Recommended Video













Click it and Unblock the Notifications