മൂന്ന് ചക്രവാതച്ചുഴി; തുലാവർഷം കനക്കുന്നു..നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ട്
വിവിധ തീരങ്ങളിലായി മൂന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും അതിൻ്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ മഴ കനക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായാണ് ഒരു ചക്രവാതച്ചുഴി ഉള്ളത്. മറ്റൊന്ന് തമിഴ്‌നാടിന് മുകളിലായാണ്. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായാണ് മൂന്നാമത്തെ ചക്രവാതച്ചുഴി തുടരുന്നത്. .ഈ സാഹചര്യത്തിൽ 20 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഒക്ടോബർ 20 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ 6 ജില്ലകളിൽ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. 18 ന് മലപ്പുറം, കോഴിക്കോട്, വയനാട്, 19 ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് , 20 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ 14 ജില്ലകളിലും യെല്ലോ അലർട്ടാണ്. അതേസമയം കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
ഇന്നലെയാണ് സംസ്ഥാനത്ത് തുലാവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാലവർഷം ഇത്തവണ ദുർബലമായിരുന്നു. ഈ കുറവ് തുലാവർഷ മഴയിലൂടെ ഒരുപരിധിവരെയെങ്കിലും നികത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എൽനിനോ പ്രതിഭാസമാണ് കാലവർഷം ദുർബലമാകാൻ കാരണമായത്. തുലാവർഷവും ദുർബലമായാൽ അടുത്ത വേനൽ കനക്കും.


Click it and Unblock the Notifications
