ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച വരെ മഴ തുടരും എന്നാണ് മുന്നറിയിപ്പ്.
തെക്ക് - പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായും മധ്യവടക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂന മർദ്ദവും രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത ഉണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായതോ ഇടത്തരം രീതിയിലുള്ള മഴയ്ക്കോ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കി.
കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 1.8 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
മത്സ്യ ബന്ധന യാനങ്ങൾ ( ബോട്ട്, വള്ളം മുതലായവ ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്ക് ഇറങ്ങിയുള്ള യാത്രകളും കടലിൽഡ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications