സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

കേരള-ലക്ഷദ്വീപ്- കർണ്ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനു തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം പത്തനംതിട്ടയില്‍ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സഹായ വിതരണം നടത്തി. മലയാലപ്പുഴ മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രളയം ബാധിച്ച സ്ഥലങ്ങളില്‍ സഹായ വസ്തുക്കള്‍ എത്തിച്ചു വിതരണം ചെയ്യാനുള്ള വാഹനം ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
കുറുമ്പന്‍ മൂഴി, ആവണിപ്പാറ, മഞ്ഞത്തോട്, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി കിറ്റുകള്‍ വിതരണം ചെയ്യും. ഭക്ഷണ കിറ്റ്, വസ്ത്രങ്ങള്‍, കുട, ടാര്‍പ്പോളിന്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. കര്‍ണാടക ശ്രീരാമകൃഷ്ണ സേവാശ്രമം, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍, കര്‍ണാടക ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് സഹായ വിതരണം നടത്തുന്നത്. മുസലിയാര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. ഐ. ഷെരീഫ് മുഹമ്മദ്, സ്വാമി ജപാനന്ദജി, മുസലിയാര്‍ കോളജ് എന്‍എസ്എസ് വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications