കലിതുള്ളി മഴ പെയ്യും, ഒപ്പം കാറ്റും കള്ളക്കടല്‍ പ്രതിഭാസവും; ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കേരളത്തിലുടനീളം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.
ഈ ആറ് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അര്‍ഥമാക്കുന്നത്. കേരളത്തിനൊപ്പം മാഹിയിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂണ്‍ 1 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തിയായി കാറ്റ് വീശും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം കേരള തീരത്ത് ഇന്നും കള്ളക്കടല്‍ പ്രതിഭാസം തുടരും.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം എന്നും മുന്നറിയിപ്പുണ്ട്.
കന്യാകുമാരി പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ മണ്‍സൂണ്‍ എത്താന്‍ വൈകുമെങ്കിലും വേനല്‍മഴ നീണ്ടുനില്‍ക്കും എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
ജൂണ്‍ ആദ്യ ദിനങ്ങളില്‍ തന്നെ കാലവര്‍ഷം എത്താനാണ് സാധ്യത. തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യമാണ് ഉള്ളത്.
തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ഉപരിതല ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും മധ്യ-കിഴക്കന്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും കേരളത്തില്‍ മഴ ശക്തിപ്പെടുത്തും.
അതേസമയം തെക്കന്‍ ഗുജറാത്ത് തീരം, പാകിസ്ഥാന്‍ തീരം അതിനോട് ചേര്‍ന്ന വടക്കന്‍ അറബിക്കടല്‍, സോമാലിയ തീരം, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.















Click it and Unblock the Notifications