മഴ കനക്കുന്നു.. കാലവര്‍ഷം നേരത്തെ എത്തും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പത് ജില്ലകളില്‍ തിങ്കളാഴ്ച ഐഎംഡി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. മെയ് 28 വരെ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെയ് 26 ന് കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് ഐഎംഡി നേരത്തെ പ്രവചിച്ചിരുന്നു. അടുത്ത രണ്ട് ദിവസങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, കൊമോറിന്‍ പ്രദേശം, ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടലിന്റെ ശേഷിക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് മണ്‍സൂണ്‍ കൂടുതല്‍ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ തുടരും.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ പ്രദേശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സാന്നിധ്യവും നിലവിലുള്ള കാലാവസ്ഥയ്ക്ക് കാരണമാകുന്നതായി കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരമാവധി താപനില ഗണ്യമായി വര്‍ധിച്ചു, അതേസമയം മലപ്പുറത്ത് താപനില സാധാരണയിലും താഴെയായിരുന്നു.
സംസ്ഥാനത്തെ മറ്റിടങ്ങളില്‍ താപനില സാധാരണ നിലയിലായിരുന്നു. പുനലൂരില്‍ ഏറ്റവും ഉയര്‍ന്ന താപനില 34.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അതേസമയം ഇന്ന് ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.















Click it and Unblock the Notifications