കേരളത്തില്‍ ഇന്ന് മഴദിവസം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റേയും അതിന്റെ ഭാഗമായി രൂപപ്പെടുന്ന ചുഴലിക്കാറ്റിന്റേയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് അറയിച്ചിരിക്കുന്നത്.

അതേസമയം നവംബര്‍ 29 വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. അതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. എന്നാല്‍ കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
നവംബര്‍ 29 വരെ തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നവംബര്‍ 30 വരെ തമിഴ്‌നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം തന്നെ ആഴക്കടലില്‍ നിന്ന് തീരത്തേക്ക് മടങ്ങണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം വഴി തമിഴ്‌നാട് തീരത്തേക്ക് നീങ്ങും. തമിഴ്‌നാട്ടില്‍ ഇന്ന് ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പ്പേട്ട്, മയിലാടുതുറൈ, പുതുചേരിയിലെ കാരയ്ക്കല്‍, കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍ ജില്ലകളിലാണ് അവധി. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.












Click it and Unblock the Notifications