കേരളം പെരുമഴക്കാലത്തേക്ക്... അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലായിടത്തും വേനല്‍ മഴ എത്തിയതോടെ പൊള്ളുന്ന ചൂടില്‍ നിന്ന് ആശ്വാസം. മാസങ്ങള്‍ നീണ്ട കൊടുംചൂടില്‍ വലഞ്ഞിരിക്കുകയായിരുന്നു ജനങ്ങള്‍. അതിനിടെയാണ് വേനല്‍മഴ എത്തുന്നത്. നേരത്തെ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ എത്തിയിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നലെയും മിനിയാന്നുമായി ശേഷിക്കുന്നയിടങ്ങളില്‍ കൂടി മഴയെത്തി.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ടായിരിക്കും എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
14-ാം തിയതി തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും 15-ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 16-ാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. അതേസമയം ഇന്ന് വൈകീട്ട് നാല് മണിക്ക് പുറത്തുവിട്ട അറിയിപ്പ് പ്രകാര അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധ ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
അതേസമയം ഒരൊറ്റ മഴയില്‍ സംസ്ഥാനമൊട്ടാകെ താപനില കുറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട് മഴ പെയ്തതോടെ ജില്ലയിലെ താപനില കുറഞ്ഞത് 5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കുറഞ്ഞു. തൃശൂരില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസിനും കോട്ടയത്ത് 2.5 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ചൂട് കുറഞ്ഞു.












Click it and Unblock the Notifications