മഴ മാറിയിട്ടില്ല: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം..വ്യാഴാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്
കേരളത്തിൽ വീണ്ടും മഴ കനക്കും. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾക്കടലിലും അറബിക്കടലിനും മുകളിലുമായി രൂപപ്പെട്ട ന്യൂനമർദ്ദങ്ങൾ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാകാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, തിരുവനന്തപുരം തീരത്തും കന്യാകുമാരി തീരത്തും 'കള്ളക്കടൽ' പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ അതീവ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാനും സാധ്യതയുണ്ടെന്ന് വകുപ്പ് പറഞ്ഞു. ഇതിനൊപ്പം തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5.8 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ രണ്ട് കാലാവസ്ഥാ മാറ്റങ്ങളുടേയും സ്വാധീനഫലമായി കേരളത്തിൽ മെയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് മലയോര മേഖലകളിലും വടക്കൻ ജില്ലകളിലും മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത.
ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും,
മെയ് 15-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും,
മെയ് 16-ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. അതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവരും രാത്രിയാത്രകൾ നടത്തുന്നവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
ഇതിനിടെ കടലോര മേഖലകൾക്കായി പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 'കള്ളക്കടൽ' പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെ തീരപ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 5.30 വരെ 0.9 മുതൽ 1.1 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതുപോലെ കന്യാകുമാരി തീരത്തും 1.1 മുതൽ 1.3 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു. തീരപ്രദേശങ്ങളിൽ വെള്ളം കയറൽ, തീരശോഷണം, ചെറിയ വള്ളങ്ങൾക്കും ബോട്ടുകൾക്കും അപകടസാധ്യത എന്നിവ ഉയരാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശമനുസരിച്ച് മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തമായ സമയങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമാണെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ബീച്ചുകളിലേക്കുള്ള വിനോദയാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദപ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ തീരപ്രദേശങ്ങളിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ശക്തമായ തിരമാലയും തീരശോഷണവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കടലോര മേഖലകളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.












Click it and Unblock the Notifications