കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു: മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം; കനത്ത നാശനഷ്ടം
തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ച മഴക്കെടുതിയില്‍ ഏഴ് മരണം. കോഴിക്കോട് മീന്‍ പിടിക്കാനായി തോട്ടില്‍ ഇറങ്ങിയ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. വൈദ്യൂതി ലൈന്‍ പൊട്ടി തോട്ടില്‍ വീണതാണ് അപകടത്തിന് ഇടയാക്കിയത്.
കോഴിക്കോട് ജില്ലയില്‍ തന്നെ ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരാള്‍ മരിച്ചു. വില്ല്യാപ്പള്ളിയിലാണ് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി പ്രദേശവാസിയായ പവിത്രന്‍ എന്നയാൾ മരിച്ചത്. ഇടുക്കിയിൽ മരം വീണ് ഒരു തൊഴിലാളിയും കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് മറ്റൊരാളും മരിച്ചു. പാലക്കാടും മഴക്കെടുതിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഊട്ടിയിൽ വിനോദ യാത്രയ്ക്കു പോയ പതിനഞ്ചു വയസ്സുകാരൻ മരം ദേഹത്തുവീണ് മരിച്ചു. കുറ്റ്യാടി മൊകേരിയിലെ ആദിദേവ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം. ഊട്ടി-ഗൂഡല്ലൂർ റോഡിൽ എട്ടാംമൈലിൽ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.23-ാം തീയതിയാണ് ആദിദേവ് ഉൾപ്പെടെയുള്ള 14 അംഗസംഘം ഊട്ടിയിൽ വിനോദ സഞ്ചാരത്തിനെത്തിയത്.
വിലങ്ങാട് ജാഗ്രത
കഴിഞ്ഞവര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലാ ഭരണകൂടം മുന്‍കരുതല്‍ സ്വീകരിച്ചു. അപകടസൂചനയുണ്ടെങ്കില്‍ ആളുകളെ ഉടന്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായിരിക്കണമെന്നും കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് നിര്‍ദേ ശം നല്‍കി.
പാരിഷ് ഹാളിലും സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂളിലുമായി രണ്ടു ക്യാമ്പുകള്‍ ഒരുക്കുന്നതായും 200-ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നതി കോളനികളില്‍ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും അപായ സൈറണ്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. റേഷന്‍കടകളില്‍ മതിയായ സ്റ്റോക്കുകള്‍ ഉറപ്പുവരുത്താനും ജെസിബി, ക്രെയിന്‍, ലോറി എന്നിവ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.
മലങ്കര ഡാം തുറന്നു
മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തിയതിനാല്‍ മുവാറ്റുപുഴയാറിന്റെ കരകളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
വിദ്യാലയങ്ങള്‍ക്ക് അവധി
അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലെ എട്ട് ജില്ലകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ, അങ്കൺവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് അവധി. റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് ഈ തീരുമാനം. കണ്ണൂർ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications