സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യുന മര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുന്നു. അടുത്ത 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള സഞ്ചാരം തുടരാന്‍ സാധ്യത ന്യുന മര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ നവംബര്‍ 4 വരെ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നു.
കേരളത്തില്‍ നവംബര്‍ 4 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
2018 , 2019 , 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ - മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.












Click it and Unblock the Notifications