കേരളത്തില്‍ ഇന്നും മഴ ദിവസം; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ സെപ്തംബര്‍ നാല് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്രാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതിനോട് അനുബന്ധിച്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
മഴയോടൊപ്പമുണ്ടാകുന്ന ഇടിമിന്നലില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ഈ കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തി. ജൂലൈ, ആഗസ്ത് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനത്ത് മെര്‍ക്കുറിയുടെ അളവ് ഉയര്‍ന്നിട്ടുണ്ട്.

എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മണ്‍സൂണ്‍ മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. എല്‍നിനോ പ്രതിഭാസമാണ് മഴയുടെ അളവ് കുറച്ചത്. ഇത് സെപ്റ്റംബറിലെ മഴയെ പ്രതികൂലമായി ബാധിക്കും എന്ന് ഐ എം ഡിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ഇന്നലെ രാത്രി തിരുവനന്തപുരത്തുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മഴ ഭേദപ്പെട്ട ലഭിച്ചിരുന്നു.
എന്നാല്‍ ഔദ്യോഗികമായി 122 ദിവസം നീണ്ടു നില്‍ക്കുന്ന കാലവര്‍ഷം 92 ദിവസം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് വന്നിട്ടുള്ളത് എന്ന് ഐ എം ഡി അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 എം എം ആയിരുന്നു. എന്നാല്‍ ഇതുവരെ 911.6 എം എം മഴ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.
ഇടുക്കി (62%), വയനാട് (58%), കോഴിക്കോട് (56%), പാലക്കാട് (54%) കോട്ടയം (53%) തൃശൂര്‍ (52%) എന്നിങ്ങനെയാണ് മഴ ലഭിച്ചത്. മൂന്ന് മാസത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് (1728.3 എംഎം) ജില്ലയിലാണ്. എന്നാല്‍ സാധാരണ ഈ കാലയളവില്‍ 2576.8 എം എം മഴയാണ് കാസര്‍കോട് ലഭിക്കാറുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് 33 ശതമാനം കുറവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂണില്‍ 260.3 എംഎം മഴ മാത്രമാണ് കേരളത്തില്‍ ലഭിച്ചത്. സാധാരണ ലഭിക്കേണ്ടിയിരുന്നത് 648.3 എംഎം മഴയായിരുന്നു. 60 ശതമാനം കുറവാണ് മഴയുടെ അളവില്‍ ജൂണില്‍ മാത്രം രേഖപ്പെടുത്തിയത്. എന്നാല്‍ ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ കേരളത്തില്‍ മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു.












Click it and Unblock the Notifications