മഡഗാസ്‌കറിന് സമീപം ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഡഗാസ്‌കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് ഉടനീളം മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തെക്കന്‍ കേരളത്തിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലെ കിഴക്കന്‍ മേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എന്നാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഒന്നും തന്നെ ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ഒന്നും മത്സ്യബന്ധത്തിന് തടസമില്ലെന്നും കാലാവസ്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിര്‍ദേശം: 22-01-2023 നും 23-01-2023 നും : ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതിയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications