മഴ: ഉത്തരേന്ത്യയില്‍ ദുരിത പെയ്ത്ത്, കേരളത്തില്‍ ആശ്വാസം: സ്കൂള്‍ അവധി വിവിധ ജില്ലകളിലെ 4 താലൂക്കില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഈ മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സ്കൂള്‍ അവധി
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. അതേസമയം നേരത്ത നിശ്ചയിക്ക് പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

ഉത്തരേന്ത്യയില്‍ കനത്ത നാശനഷ്ടങ്ങള്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. മഴക്കെടുതിയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 പേർ മരിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയും ദില്ലി ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഡല്‍ഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതക്കുരുക്കിന് കാരണമായി. 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1982 ന് ശേഷം ജൂലൈയിലെ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയാണ് ഇതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്നും കനത്ത മഴ തുടരുകയാണ്. ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും വൈദ്യുതി തടസ്സവും ഉണ്ടായിട്ടുണ്ട്.
ഡൽഹിയിൽ ഫ്ലാറ്റിന്റെ സീലിംഗ് തകർന്ന് 58 കാരിയായ സ്ത്രീ മരിച്ചപ്പോള്‍ രാജസ്ഥാനിൽ മഴക്കെടുതിയിൽ വിവിധ ഇടങ്ങളിലായി നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കനത്ത മഴയിൽ വീട് തകർന്ന് സ്ത്രീയും ആറുവയസ്സുള്ള മകളും മരിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സമാനമായ സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും കൊല്ലപ്പെട്ടു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്നലെയുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് സൈനികർ ഒഴുക്കിൽപ്പെട്ട് മരിച്ചു. രാജസ്ഥാനിലെ രാജ്സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുണ്ടി, ചിത്തോർഗഡ്, ദൗസ, ധൗൽപൂർ, ജയ്പൂർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications