ചക്രവാതച്ചുഴി രൂപപ്പെട്ടു; വരാന്‍ പോകുന്നത് മഴദിവസങ്ങള്‍, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലാുമായി ന്യുനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ആറാം തിയതി എറണാകുളം, ഇടുക്കി ജില്ലകളിലും ഏഴാം തിയതി ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ജാഗ്രതാ നിര്‍ദേശമുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും എന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സെപ്റ്റംബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സെപ്റ്റംബര്‍ 2 മുതല്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
ഇന്ന് മുതല്‍ ഏഴ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടി മിന്നലിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടണം. ഈ സമയം വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്.
കെട്ടിടത്തിനകത്ത് ഇരിക്കുമ്പോഴും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുക. ഇടിമിന്നലുള്ള സമയങ്ങളില്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുന്നതാണ് നല്ലതാണ്. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.












Click it and Unblock the Notifications