ഇന്നും ശക്തമായ മഴ: നാല് ജില്ലകളില്‍ പൂർണ്ണമായും ഒരിടത്ത് ഭാഗികമായും വിദ്യാലയങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. 9 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് നിലവില്‍ യെല്ലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെയും മറ്റന്നാളും കൂടി യെല്ലോ അലർട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ലെങ്കിലും പല പ്രദേശങ്ങളിലും ഇന്നലെ രാത്രിയില്‍ നല്ല മഴ ലഭിച്ചു,
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും, വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റ നിഗമനം. ചക്രവാതച്ചുഴിയുടെ പ്രഭാവത്താൽ കേരളത്തിൽ 27 വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

വിദ്യാലയങ്ങള്‍ക്ക് അവധി
ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂർണ്ണമായും ഒരിടത്ത് ഭാഗികമായുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. എന്നാല്‍ കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‍സി പരീക്ഷകൾക്കും അവധി ബാധകമായരിക്കില്ല.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 24 മുതൽ 28 വരെ കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രതാ നിർദേശം
24-07-2023 മുതൽ 28-07-2023 വരെ: ആന്ധ്രപ്രദേശ് തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
24-07-2023 മുതൽ 28-07-2023: ശ്രീലങ്കൻ തീരത്തിന്റെ തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും 25-07-2023 മുതൽ 26-07-2023 വരെയുള്ള തീയതികളിൽ ആൻഡമാൻ കടലിലും 26-07-2023 തീയതിയിൽ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിക്കുന്നു.












Click it and Unblock the Notifications