മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി; നാളെ സംസ്ഥാനത്ത് യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് 8 ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
മഴ തുടരുന്ന പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലാണ് അവധി. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

അതേസമയം സംസ്ഥാനത്ത് നാളെ മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒന്നിനും രണ്ടിനും കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 3 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ, ജാഗ്രത പാലിക്കണം ; മന്ത്രി രാജൻ
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. അനാവശ്യമായ യാത്രകൾ, പ്രത്യേകിച്ച് മലയോരമേഖലകളിലൂടെയുള്ളവ ഒഴിവാക്കണം. അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതയിടങ്ങളിലേക്ക് മാറണം. ക്യാമ്പുകളിലേക്ക് മാറാൻ വിമുഖത കാട്ടരുത്. അഞ്ചു ദിവസം ശ്രദ്ധയോടെയും ജാഗ്രതയോടെയും കഴിഞ്ഞാൽ വലിയ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചന പ്രകാരം ആദ്യ ആഴ്ച്ച (മെയ് 30 മുതൽ ജൂൺ അഞ്ച് വരെ ) സംസ്ഥാനത്ത് പൊതുവെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ഈ കാലയളവിൽ പെയ്തേക്കാമെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ ആഴ്‌ച ( ജൂൺ ആറ്- 12 ) എല്ലാ ജില്ലകളിലും മഴ സാധ്യത ഉണ്ടെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കുറവ് മഴയായിരിക്കും പെയ്യുകയെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications