മഴയുടെ ശക്തി കുറയും: ഇന്ന് അവധി 5 ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക്, മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ 13 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെങ്കിലും അതിശക്തമായിരിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 'അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്'- കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് രാവിലെ എഴുമണിയോടെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
മഴയുടെ ശക്തി കുറയുമെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിർദേശം തുടരും. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 08.07.2023 രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് (കൊളച്ചൽ മുതൽ കിലക്കരൈ) വരെ 07.07.2023 രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

അഞ്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടറും ഇന്നലെ വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ (ജൂലൈ 7) ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
ഒരാഴ്ചക്കിടെ 13 മരണം
വ്യാഴാഴ്ച അഞ്ചുപേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഒഴാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. തിരുവനന്തപുരം ജില്ലയിലെ ആര്യനാട്ടില്‍ വിദ്യാർത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയില്‍ വീടിന് മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ കാല്‍വഴുതി വീണ് ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനെന്നയാളും മരിച്ചു.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ഇന്നലെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പന്, തൃക്കൊടിത്താനം മണികണ്ഠവയൽ സ്വദേശി ആദിത്യ ബിജു എന്നിവർ വെള്ളക്കെട്ടിലും ക്ഷേത്രക്കുളത്തിലും വീണ് മരിക്കുകയായിരുന്നു. കണ്ണൂരിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റി താമസിപ്പിക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസിൽ പിപി ദിവാകരനാണ് മരിച്ചത്.












Click it and Unblock the Notifications