ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട്: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധി. കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലുമാണ് പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ല. അവധിയായതിനാല്‍ കുട്ടികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കള്‍ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

വയനാട് ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ ഡോ രേണു രാജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു. അതേസമയം കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവാകുന്നുവെന്ന് കളക്ടര്‍ അറിയിച്ചു.
മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാവുകയാണ്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴ ഭീഷണിയുള്ളത്. ഇന്ന് വടക്കന്‍ കേരളത്തിലെ നാലോളം ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ചക്രവാത ചുഴിയുടെ സാന്നിധ്യവും ന്യൂനമര്‍ദവുമാണ് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. പലയിടങ്ങളിലും ഇന്ന് മരം വീണ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വ്യാപക നാശനഷ്ടം വടക്കന്‍ ജില്ലകളില്‍ മഴയെ തുടര്‍ന്ന് ഉണ്ടായിട്ടുണ്ട്. കോഴിക്കോട് മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന ഇരുനില വീട് നിലം പൊത്തി. മലപ്പുറത്തും, കുറ്റ്യാടിയിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു. വയനാട്ടില്‍ പേര്യാ പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയിരിക്കുകയാണ്.കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.












Click it and Unblock the Notifications